പ്രകൃതി ചവിട്ടിയരച്ചുകളഞ്ഞ പ്രതീക്ഷകൾക്കും കുത്തിയൊലിച്ചുപോയ കിനാവുകൾക്കും മുന്നിൽ കരയാൻ പോലുമാവാതെ വിറങ്ങലിച്ചു നിൽക്കുകയാണ് ചൂരൽമല, മുണ്ടക്കൈ പോലുള്ള ദുരന്ത ബാധിത പ്രദേശങ്ങൾ.
ലോകത്തങ്ങോളമിങ്ങോളമുള്ള മനുഷ്യത്വം മരവിച്ചുപോയിട്ടില്ലാത്ത മനുഷ്യരാൽ ചേർത്തുപിടിക്കപ്പെടുമ്പോഴും പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ ഉള്ളുപൊള്ളുന്ന ജീവൻ ബാക്കിയായവരുടെ വിങ്ങലുകളും ഗദ്ഗദങ്ങളും ദുരിതാശ്വാസ ക്യാമ്പുകളുടെ ചുവരുകളെ പോലും കണ്ണീരണിയിക്കുന്ന നൊമ്പരക്കാഴ്ചയാണ് സമ്മാനിക്കുന്നത്. ഒറ്റ രാത്രികൊണ്ട് ഉറ്റവരില്ലാതെ ഒറ്റപ്പെട്ടുപോയ നമ്മുടെ സഹജീവികളുടെ നോവും വേവും വരഞ്ഞിടുക എന്നത് അക്ഷരങ്ങൾ കൊണ്ട് അസാധ്യമാണെന്നതാണ് പരമാർഥം.
മുലപ്പാൽ കൊണ്ടുപോലും മാനവികതയുടെ മഹത്തായ അധ്യായങ്ങൾ മനുഷ്യ കുലത്തിനു സമ്മാനിക്കുന്ന കനിവിന്റെ നേർക്കാഴ്ചകൾ ദാരുണമായ ദുരന്തത്തിന്റെ നടുക്കത്തിനിടയിലും നെഞ്ചകത്തിൽ തെളിനീരൊഴുക്കുന്ന ദൃശ്യങ്ങൾതന്നെയാണ് എന്ന് പറയാതെ വയ്യ.
ഒത്തുചേരലിന്റെയും ഒഴിഞ്ഞുകൊടുക്കലിന്റെയും അകന്നുമാറലിന്റെയും മാറോടുചേർക്കലിന്റെയും സമ്മിശ്ര ഗന്ധം പേറുന്ന മനോഹരമായൊരു കവിത പോലെയുള്ള ജീവിതം ഒറ്റ രാത്രികൊണ്ട് അവസാനിച്ചുപോവുക എന്നത് ചിന്തിക്കുമ്പോൾതന്നെ അകച്ചങ്ക് വെന്ത് മുള്ളാണിയിൽ ആത്മാവ് പിടയുമ്പോഴുള്ള വേദനയാണ് മനഃസാക്ഷി മരവിച്ചുപോയിട്ടില്ലാത്ത ഓരോ നരജന്മത്തിനും സമ്മാനിക്കുന്നത്.
തലച്ചോറിൽ കൊടും വിഷം മാത്രം കൊണ്ടുനടക്കുന്ന ചുരുങ്ങിയ മനുഷ്യരൊഴികെ കേരളം മുഴുവൻ ഈ ദുരന്തത്തിന്റെ ഇടിമുഴക്കത്തിൽ കിടിലംകൊണ്ട് പിടഞ്ഞുനിന്നു എന്നതും ഒരു വസ്തുതയാണ്.
മരണത്തിന്റെ മഴവെള്ളപ്പാച്ചിലിൽ ഒന്നാകെ ഒഴുകിപ്പോയ പ്രദേശത്തെ പുനർനിർമിക്കാനുള്ള ചർച്ചകൾ അന്തരീക്ഷത്തിൽ മുഴങ്ങിക്കേട്ടു കൊണ്ടിരിക്കുന്ന വർത്തമാനത്തിൽ ചില ചിതറിയ ചിന്തകൾ പങ്കുവെക്കണമെന്ന് തോന്നുന്നു. ഉരുൾ പൊട്ടൽ സാധ്യത നിലനിൽക്കുന്ന ഇടങ്ങളെന്നു പാരിസ്ഥിതിക വിദഗ്ധർ പഠനങ്ങൾ നടത്തിപ്പറഞ്ഞ പ്രദേശങ്ങൾ പുനരധിവാസപ്രവർത്തനങ്ങളിൽ നിന്ന് ഒഴിവാക്കി നിർത്താൻ പ്രത്യേക ശ്രദ്ധ ഉണ്ടാവേണ്ടതായിട്ടുണ്ട്.
കൂടാതെ ഇത്തരം പ്രദേശങ്ങളിൽ നിലവിൽ താമസിക്കുന്നവരെക്കൂടി കൂടുതൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് പറിച്ചുനടാനുള്ള നടപടികളും ഭരണകൂടത്തിന്റെയും സന്നദ്ധ കൂട്ടായ്മകളുടെയും ഭാഗത്തുനിന്ന് ഉണ്ടാവേണ്ടതുണ്ട്.
ഒപ്പം പ്രകൃതിയെ പരമാവധി പ്രകോപിപ്പിക്കാതെയുള്ള വികസനത്തിന് പ്രാമുഖ്യം നൽകാൻ നമ്മുടെ നയങ്ങളിൽ കാതലായ മാറ്റങ്ങൾ അനിവാര്യമായ കാലത്തിലൂടെയാണ് നാം സഞ്ചരിക്കുന്നതെന്നുള്ള ബോധ്യം തീർച്ചയായും രാഷ്ട്രീയ നേതൃത്വത്തിന് ഉണ്ടാവണം.
വൻകിട കുത്തകകൾ എറിഞ്ഞുകൊടുക്കുന്ന എല്ലിൻ കഷണങ്ങൾക്ക് വേണ്ടി ജനതയെ ഒറ്റുകൊടുക്കുന്ന തരത്തിൽ പ്രകൃതിയുടെ നേരെ കൈയേറ്റം നടത്തുന്നവർക്ക് അഴിഞ്ഞാടാൻ അവസരം ഉണ്ടാക്കിക്കൊടുക്കുന്ന ജൂതാസുമാരെ തിരിച്ചറിയാനും അത്തരം ഇത്തിക്കണ്ണികളെ തിരുത്തിക്കാനും പൊതുസമൂഹവും മാധ്യമങ്ങളും കൂടുതൽ കൂടുതൽ ജാഗ്രത കാണിക്കേണ്ടതായിട്ടുണ്ട്.
അന്ധമായ വിധേയത്വത്തിൽ സ്വന്തം പാർട്ടി ചെയ്യുന്നതെന്തും ന്യായീകരിക്കുന്ന പതിവ് രീതികളിൽനിന്നും പാടേ വ്യതിചലിച്ചുകൊണ്ട് ഓരോ പാർട്ടികളിലും തിരുത്തൽ ശക്തികളായി പുതു തലമുറയെങ്കിലും മാറുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
നൂറുകണക്കിന് സഹോദരീ സഹോദരന്മാർ മരണത്തിനു കീഴടങ്ങുകയും അതിലും എത്രയോ ഇരട്ടിപേർ മേൽവിലാസം നഷ്ടപ്പെട്ടവരായി തീരുകയും ചെയ്ത ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മനുഷ്യ സാധ്യമായ മുൻകരുതലുകൾ ചെയ്യാൻ സ്വാർഥത നമുക്കേവർക്കും തടസ്സമാവാതിരിക്കട്ടെ. മണ്ണറയിലേക്ക് മടങ്ങിപ്പോയ എല്ലാ മനുഷ്യരുടെയും വേദനിപ്പിക്കുന്ന ഓർമകൾക്ക് മുന്നിൽ കണ്ണീർപൂക്കൾ അർപ്പിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.