മനാമ: കോവിഡ് ഭീതി വിതച്ച നാളുകളിൽ പ്രവാസികൾക്ക് സമാശ്വാസം പകർന്ന സേവന പ്രവർത്തനങ്ങൾ മുൻ നിർത്തി മീഡിയ വൺ ഏർപ്പെടുത്തിയ ബ്രേവ് ഹാർട്ട് പുരസ്കാരങ്ങൾ ബഹ്റൈനിലെ വിവിധ സംഘടനകൾക്കും വ്യക്തികൾക്കും സമ്മാനിച്ചു. ആരോഗ്യ മന്ത്രി വീണ ജോർജാണ് മീഡിയവൺ ടെലിവിഷനിലൂടെ കാപിറ്റൽ ഗവർണർക്കും ബഹ്റൈനിലെ വിവിധ വ്യക്തികൾക്കും സംഘടനകൾക്കുമുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
ജുഫൈറിലെ പാർക്ക് റെജിസ് ഹോട്ടലിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ബഹ്റൈൻ പാർലമെൻറ് അംഗം അഹ്മദ് സബാഹ് സൽമാൻ അൽ സല്ലൂം വിശിഷ്ടാതിഥിയായിരുന്നു. മീഡിയ വൺ-ഗൾഫ് മാധ്യമം ബഹ്റൈൻ എക്സിക്യൂട്ടിവ് ചെയർമാൻ ജമാൽ ഇരിങ്ങൽ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. പ്രത്യേകമായി രൂപകൽപന ചെയ്ത ബ്രേവ് ഹാർട്ട് പുരസ്കാരവും പ്രശസ്തി പത്രവും ചടങ്ങിൽ അവാർഡ് ജേതാക്കൾക്ക് കൈമാറി.
ഡോ. രവി പിള്ള
കോവിഡ് ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനം പകരാൻ പ്രവാസികൾക്ക് അഞ്ചു കോടിയടക്കം 15 കോടിയുടെ ജീവകാരുണ്യ പദ്ധതിയാണ് ആർ.പി ഗ്രൂപ് ഒാഫ് കമ്പനീസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. രവി പിള്ള പ്രഖ്യാപിച്ചത്. നോർക്ക റൂട്സ് വഴിയായിരുന്നു പ്രവാസികൾക്കുള്ള അഞ്ചു കോടിയുടെ പദ്ധതിയുടെ വിതരണം. ആർ.പി ഫൗണ്ടേഷനാണ് പ്രവർത്തനങ്ങളുടെ ഏകോപനം നിർവഹിച്ചത്. നിരവധി പ്രവാസികൾക്ക് കേരളത്തിലേക്കുള്ള മടക്കയാത്രക്ക് എയർ ടിക്കറ്റുകൾ നൽകിയതും കേരളത്തിൽ കോവിഡ് ചികിത്സ കേന്ദ്രമൊരുക്കിയതും ഡോ. രവി പിള്ളയുടെ കോവിഡ് കാലത്തെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു.
ഡോ. വർഗീസ് കുര്യൻ
ബഹ്റൈനിലെ തെൻറ ഹോട്ടലുകളും അപ്പാർട്മെൻറുകളും ഹോസ്പിറ്റലുകളും സ്വദേശികൾക്കും വിദേശികൾക്കുമുള്ള കോവിഡ് ചികിത്സ സൗകര്യങ്ങൾക്കായി വിട്ടുനൽകിയായിരുന്നു വി.കെ.എൽ ഹോൾഡിങ്സ് ആൻഡ് അൽ നമൽ ഗ്രൂപ് ചെയർമാൻ ഡോ. വർഗീസ് കുര്യെൻറ നേതൃത്വത്തിൽ നടന്ന കോവിഡ് ദുരിതാശ്വാസ പ്രവർത്തനം. ബഹ്റൈൻ ഭരണാധികാരികളുടെയടക്കം പ്രശംസ പിടിച്ചു പറ്റിയ പ്രവർത്തനമായി ഇതു മാറി. പത്തനംതിട്ട ജില്ലയിൽ ഓക്സിജൻ പ്ലാൻറിനായും ഇദ്ദേഹം സഹായിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വൻ തുക കൈമാറുകയും ചെയ്തു.
കെ.എം.സി.സി ബഹ്റൈൻ
കോവിഡ് കാലത്ത് ബഹ്റൈനിലെ പ്രവാസികൾക്ക് തുണയായി ബഹുമുഖ പ്രവർത്തനങ്ങളുമായി കെ.എം.സി.സി കർമരംഗത്ത് സജീവമായി. ഭക്ഷണവും മരുന്നും മാർഗ നിർദേശങ്ങളുമടക്കം പ്രവാസികൾക്ക് കഴിയാവുന്ന അടിയന്തര സഹായങ്ങൾ നൽകി. യാത്രതടസ്സം നേരിട്ട പ്രവാസികൾക്ക് നാട്ടിലേക്ക് പോകാൻ നിരവധി വിമാനങ്ങൾ ചാർട്ട് ചെയ്തു. ജോലിയും ശമ്പളവുമില്ലാതായി വിശപ്പകറ്റാൻ പോലും ബുദ്ധിമുട്ടുന്നവർക്ക് 'കാരുണ്യ സ്പർശം' പദ്ധതി വഴി ഭക്ഷണക്കിറ്റുകൾ എത്തിച്ചു.
പി.വി. രാധാകൃഷ്ണപിള്ള, പ്രസിഡൻറ്, ബഹ്റൈൻ കേരളീയ സമാജം
യാത്ര തടസ്സം നേരിട്ട് പ്രതിസന്ധിയിലായ പ്രവാസികൾക്കു വേണ്ടി വിമാനങ്ങൾ ചാർട്ട് ചെയ്യാൻ ആദ്യമായി മുന്നിട്ടിറങ്ങിയ വ്യക്തിത്വമാണ് ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി.രാധാകൃഷ്ണ പിള്ള. അദ്ദേഹത്തിെൻറ ചടുലമായ നേതൃത്വത്തിനു കീഴിൽ നാട്ടിലേക്ക് 3300 പേരെയും തിരിച്ച് ബഹറൈനിലേക്ക് 1600 ഓളം പേരെയും എത്തിക്കാൻ ബഹ്റൈൻ കേരളീയ സമാജത്തിന് സാധിച്ചു. കോവിഡ് കാലത്ത് കേന്ദ്ര, കേരള സർക്കാറുകളുമായി ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളിൽ പ്രവാസികൾക്ക് ഗുണകരമായ വിവിധ ഇടപെടലുകൾ നടത്തി.
ബഹ്റൈൻ കേരള സോഷ്യൽ ഫോറം –ബി.കെ.എസ്.എഫ്
ബഹ്റൈനിൽ ആദ്യമായി കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത ഘട്ടം മുതൽ വിവിധങ്ങളായ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിനു കീഴിൽ നടന്നത്. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്ക് ഭക്ഷ്യവിഭവ കിറ്റുകൾ വളന്റിയർമാർ നേരിട്ടെത്തിച്ച് നൽകി. കോവിഡ് രോഗികളെ ടെസ്റ്റിനും ചികിത്സക്കുമായി കൊണ്ടു പോകാൻ വാഹനസൗകര്യമേർപ്പെടുത്തി. വിവിധ ഘട്ടങ്ങളിൽ ചാർേട്ടഡ് ഫ്ലൈറ്റുകൾ ഏർപ്പെടുത്തി.
സാനി പോൾ
ബഹ്റൈനിൽ കോവിഡ് മഹാമാരി ഭീതി വിതച്ച ആദ്യ ഘട്ടത്തിൽ ധീരവും വേറിട്ടതുമായ സന്നദ്ധ പ്രവർത്തനം നടത്തിയ വ്യക്തിയാണു സാനി പോൾ. കോവിഡ് ചികിത്സക്കായി രോഗികളെ ഭയാശങ്കകൾ കൂടാതെ ടെസ്റ്റിനും ചികിത്സക്കുമായി വിവിധ കേന്ദ്രങ്ങളിൽ സ്വന്തം വാഹനത്തിൽ കൊണ്ട് പോയി. അവശ്യം വേണ്ട സഹായ സഹകരണങ്ങളും രോഗികൾക്ക് നൽകി. സർക്കാർ അറിയിപ്പുകളും മാർഗനിർദേശങ്ങളും യഥാസമയം ലഭ്യമാക്കി കോവിഡ് കാലത്ത് സാധാരണക്കാരായ പ്രവാസികൾക്ക് തുണയും തണലുമായി മാറിയ വ്യക്തിത്വം.
സാം സാമുവൽ അടൂർ -മരണാനന്തര ബഹുമതി
കോവിഡ് കാലത്ത് സാധാരണക്കാരായ തൊഴിലാളികളിലേക്ക് ഇറങ്ങി ചെന്ന് സേവന പ്രവർത്തനങ്ങൾ നടത്തിയ വ്യക്തിയാണു പരേതനായ പത്തനംതിട്ട അടൂർ ആനന്ദപ്പള്ളി സ്വദേശി സാം സാമുവൽ അടൂർ. കഴിയാവുന്ന സഹായങ്ങൾ പലരിൽ നിന്നായി ഏകോപിപ്പിച്ച് കഷ്ടതയനുഭവിക്കുന്ന പ്രവാസികൾക്ക് എത്തിച്ചു നൽകി. മഹാമാരിക്കാലത്തെ ഈ പ്രവർത്തനങ്ങൾക്കിടയിൽ തന്നെ കോവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം പൊടുന്നനെ വിടപറഞ്ഞത് പ്രവാസികൾക്കിടയിൽ നൊമ്പരം പടർത്തി. അദ്ദേഹത്തിെൻറ നിസ്വാർഥ പ്രവർത്തനങ്ങൾക്കുമുള്ള മരണാനന്തര ബഹുമതിയായാണ് പുരസ്കാരം സമർപ്പിച്ചത്
സുബൈർ കണ്ണൂർ
പ്രവാസി കമീഷൻ അംഗം. പ്രവാസികളുടെ വിവിധ പ്രശ്നങ്ങളുടെ പരിഹാരത്തിനായി കർമരംഗത്ത് സജീവം. കോവിഡ് രോഗികൾക്ക് ക്വാറൻറീൻ കേന്ദ്രമൊരുക്കാനും ഭക്ഷ്യവിഭവങ്ങളെത്തിക്കാനും പരിശ്രമിച്ചു. നോർക്ക റൂട്ട്സിെൻറ ബഹ്റൈനിലെ പ്രവർത്തനങ്ങൾക്കും നേതൃപരമായ പങ്ക് വഹിച്ചു.
ഫസലുൽ ഹഖ്
യാത്ര തടസ്സം നേരിട്ട പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുമ്പന്തിയിൽ പ്രവർത്തിച്ചു. എയർ പോർട്ടിലെത്തുന്ന പ്രവാസികൾക്കു വേണ്ടി സന്നദ്ധ പ്രവർത്തനം നടത്തി. യാത്രക്കാർക്ക് വിവിധ ഘട്ടങ്ങളിൽ ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി.
മജീദ് തണൽ, ക്യാപ്റ്റൻ-വെൽകെയർ
ബഹ്റൈനിലെ സന്നദ്ധ സംഘടനയായ വെൽകെയറിലൂടെ ഭക്ഷ്യവിഭവങ്ങൾ പ്രവാസികൾക്ക് എത്തിച്ചു നൽകാൻ പരിശ്രമിച്ചു. ആവശ്യമായ മരുന്നുകളെത്തിച്ചു നൽകാനും കർമരംഗത്ത് സജീവമായി.
മെഡ് ഹെൽപ്
അവശ്യ മരുന്നുകൾ ലഭിക്കാതെ ബുദ്ധിമുട്ടിയ പ്രവാസികൾക്ക് വേണ്ടി മെഡിക്കൽ കെയർ രംഗത്ത് പ്രവർത്തിക്കുന്ന കൂട്ടായ്മ. കോവിഡ് കാലത്ത് നാട്ടിൽ നിന്നും ബഹ്റൈനിൽ നിന്നും മരുന്നുകളും വൈദ്യസഹായങ്ങളും ആവശ്യമുള്ള പ്രവാസികൾക്ക് തുണയായി മാറി.
ബഷീർ അമ്പലായി
കോവിഡ് കാലത്തെ വിവിധ വളന്റിയർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സാമൂഹിക പ്രവർത്തകൻ. ബഹ്റൈനിൽ വെച്ച് മരണമടഞ്ഞ പ്രവാസികളുടെ മരണാനന്തര കർമങ്ങൾക്ക് മുന്നിട്ടിറങ്ങി.
സുധീർ തിരുനിലത്ത്
യാത്രാ തടസ്സങ്ങൾ നേരിട്ട പ്രവാസികൾക്കായി വിമാനങ്ങൾ ചാർട്ട് ചെയ്യുന്നതിനും വിവിധ സർക്കാർ ഏജൻസികളുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ ലഭ്യമാക്കുന്നതിനും നേതൃത്വം നൽകി.
ഡോ. രവി പിള്ളയെ പ്രതിനിധീകരിച്ച് ആർ.പി ഗ്രൂപ്പ് പ്രതിനിധി ചന്ദൻ ഷേണോയി, കൺട്രി മാനേജർ എസ്. ഉണ്ണി, വ്യവസായ പ്രമുഖൻ ഡോ. ഡോ. വർഗീസ് കുര്യൻ, ചന്ദൻ ഷേണോയി, കെ.എം.സി.സിക്ക് വേണ്ടി പ്രസിഡൻറ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, ബഹ്റൈൻ കേരളീയ സമാജം പ്രസിഡൻറ് പി.വി. രാധാകൃഷ്ണ പിള്ള, സാനി പോൾ, ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിനു വേണ്ടി കൺവീനർ ഹാരിസ് പഴയങ്ങാടി, അഡ്വൈസറി ബോർഡ് അംഗം നജീബ് കടലായി, പരേതനായ സാമൂഹിക പ്രവർത്തകൻ സാം സാമുവൽ അടൂരിനു വേണ്ടി ബന്ധുവായ രാജൻ വർഗീസ് എന്നിവർ ബ്രേവ് ഹാർട്ട് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ബ്രേവ് ഹാർട്ട് പ്രത്യേക പരാമർശ ബഹുമതി നേടിയ സാമൂഹിക പ്രവർത്തകർ സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, ഫസലുൽ ഹഖ്, സുധീർ തിരുനിലത്ത്, മജീദ് തണൽ എന്നിവർ പ്രശസ്തി പത്രം ഏറ്റുവാങ്ങി. പ്രത്യേക പരാമർശം നേടിയ കൂട്ടായ്മയായ മെഡ് ഹെൽപ്പിനെ പ്രതിനിധീകരിച്ച് ഫ്രാൻസിസ് കൈതാരത്ത്, ഗഫൂർ കയ്പ്പമംഗലം എന്നിവർ പ്രശസ്തി പത്രം ഏറ്റുവാങ്ങി.
ലക്കി ഗ്രൂപ്പ് ഹെഡ് സജിത്ത് പിള്ള, സെഗ്മെൻറ് മാനേജർ നിഷാന്ത് വെള്ളുക്കൈ, ഫുഡ് സിറ്റി മാർക്കറ്റിങ് മാനേജർ നൗഷാദ്, ഷമീർ ഹംസ, സാനു സത്താർ (ഫ്ലൈ സാഫ്രോൺ), മീഡിയ വൺ-ഗൾഫ് മാധ്യമം ബഹ്റൈൻ എക്സിക്യൂട്ടീവ് അംഗങ്ങളായ ജലീൽ അബ്ദുല്ല, സി.എം മുഹമ്മദലി, പി.പി ജാസിർ, അബ്ബാസ് മലയിൽ, വി.കെ അനീസ്, മീഡിയ വൺ ബഹ്റൈൻ ബ്യൂറോ ചീഫ് സിറാജ് പള്ളിക്കര, മാർക്കറ്റിങ് മാനേജർ ഷാഹുൽ ഹമീദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.