മനാമ: നിർദിഷ്ട ജി.സി.സി റെയിൽ പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിലെ ലാൻഡ് ട്രാൻസ്പോർട്ടേഷൻ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഹുസൈൻ അലി യാക്കൂബ്, നാസർ ഹമദ് അൽ ഖഹ്താനി, അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സമാനി എന്നിവരുടെ നേതൃത്വത്തിൽ ജി.സി.സി റെയിൽവേ അതോറിറ്റിയുടെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി.
കിങ് ഹമദ് കോസ്വേ വഴി ബഹ്റൈനെയും സൗദിയെയും ബന്ധിപ്പിക്കുന്ന ഭാഗം സംബന്ധിച്ച കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. ഇൗ മാർഗത്തിലൂടെയാണ് ബഹ്റൈനെ ജി.സി.സി റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്നത്. ജി.സി.സി റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് അംഗരാജ്യങ്ങളെ ഏകോപിപ്പിക്കുന്നതിൽ അതോറിറ്റി വഹിക്കുന്ന പങ്കിനെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഭിനന്ദിച്ചു.
കിങ് ഹമദ് കോസ്വേ പദ്ധതി നവീകരണം സംബന്ധിച്ചും ബഹ്റൈന്റെ ഭാഗത്തെ റെയിൽവേ ട്രാക്ക് നിർമാണം, അൽ റംലിയിലെ കിങ് ഹമദ് ഇന്റർനാഷനൽ സ്റ്റേഷൻ എന്നിവ സംബന്ധിച്ചും യോഗം അവലോകനം ചെയ്തു. എൻജിനീയറിങ് ഡിസൈനുകളുടെ വിശദാംശങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള മീറ്റിങ് പോയന്റുകളും ചർച്ചയിൽ അവതരിപ്പിച്ചു.
2022ലാണ് ജി.സി.സി റെയിൽവേ അതോറിറ്റി സ്ഥാപിച്ചത്. ജി.സി.സി റെയിൽവേ ശൃംഖല സംബന്ധിച്ച പൊതുനയം രൂപപ്പെടുത്തുക, പദ്ധതി നടത്തിപ്പ്, പ്രവർത്തനം ഇവ സംബന്ധിച്ച് അംഗരാജ്യങ്ങളെ ഏകോപിപ്പിക്കുക എന്നിവയാണ് അതോറിറ്റിയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.