മനാമ: ചൈനീസ് ടൂറിസ്റ്റുകളെ ബഹ്റൈനിലേക്ക് ആകർഷിക്കാൻ പദ്ധതി തയാറാക്കുമെന്ന് ടൂറിസം മന്ത്രി ഫാതിമ ബിൻത് ജഅ്ഫർ അസ്സൈറഫി.ആഴത്തിൽ വേരൂന്നിയ ചരിത്രപരമായ ബന്ധമാണ് ബഹ്റൈനും ചൈനയുമായുള്ളത്. ഹമദ് രാജാവിന്റെ ചൈന സന്ദർശനത്തെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായിട്ടുണ്ട്.
പത്തോളം ഉഭയകക്ഷി കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുകയും ചെയ്തു. സാമ്പത്തിക, ടൂറിസം മേഖലകളുൾപ്പെടെ സഹകരിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. ബഹ്റൈനിലെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ ചൈനയിലെ ഗാങ് ചോയിലേക്കും ഷാങ്ഹായിലേക്കും നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 35ാം വാർഷികം ആഘോഷിക്കുന്ന വേളയിലുള്ള ഈ സഹകരണം ടൂറിസമടക്കം മേഖലക്ക് വലിയ പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തൽ.
ബഹ്റൈനിന്റെ ടൂറിസം സ്ട്രാറ്റജി 2022-2026 അനുസരിച്ച് പ്രധാന ടാർജറ്റ് മാർക്കറ്റുകളിലൊന്നാണ് ചൈന. ചൈനീസ് വിനോദസഞ്ചാരികൾക്ക് അനുയോജ്യമായ ടൂറിസം പാക്കേജുകൾ വികസിപ്പിക്കുന്നതിൽ സ്വകാര്യമേഖലയുമായി സഹകരിക്കാനും ടൂറിസം മന്ത്രാലയം പദ്ധതിയിടുന്നു. ടൂറിസം മന്ത്രാലയവും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയും (ബി.ടി.ഇ.എ) ചേർന്ന് ചൈനീസ് വിനോദസഞ്ചാരികളുടെ താൽപര്യങ്ങൾക്കനുസൃതമായി കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾ തയാറാക്കും.
ബി.ടി.ഇ.എ അടുത്തിടെ ചൈനയിലെ ടൂറിസം ഓഫിസുകളുമായി പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചതായും മന്ത്രി വ്യക്തമാക്കി. കൂടാതെ, ട്രാവൽ ഏജൻസികൾ, ഡെസ്റ്റിനേഷൻ മാനേജർമാർ, ഹോട്ടൽ സ്ഥാപനങ്ങൾ എന്നിവക്കായി ചൈനീസ് മാർക്കറ്റിനെക്കുറിച്ചും ചൈനീസ് ടൂറിസ്റ്റുകളുടെ ആവശ്യങ്ങളെക്കുറിച്ചും പഠിക്കാൻ ബി.ടി.ഇ.എ ശിൽപശാലയും സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.