മനാമ: ബഹുസ്വരതയിലധിഷ്ടിതമായ സാമൂഹികക്രമത്തെ തകർക്കാൻ ആസൂത്രിതശ്രമം നടക്കുന്നുണ്ടെന്നും രാഷ്ട്രീയമായ ഇടപെടലുകൾ ഇക്കാര്യത്തിലുണ്ടെന്നും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബർ. ഫാഷിസ്റ്റ് ഭരണക്രമത്തിനായുള്ള ആർ.എസ്.എസ് നിയന്ത്രിത ബി.ജെ.പി സർക്കാറിന്റെ നീക്കം പോലെ തന്നെ ഗൗരവമായി കാണേണ്ട ഒന്നാണ് സാംസ്കാരിക മേഖലയെ അപകടപ്പെടുത്തുന്ന ഈ നീക്കമെന്നും വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് ബഹ്റൈനിലെത്തിയ എം.എം. അക്ബർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇതിനുപുറമെയാണ് കുടുംബഘടനയെ തകർക്കാനുള്ള നീക്കങ്ങൾ. വിപണി താൽപര്യമാണ് സ്വതന്ത്ര ലൈംഗികതക്കായും പരിധിയില്ലാത്ത വ്യക്തി സ്വാതന്ത്ര്യത്തിനായും വാദിക്കുന്നവരുടെ അടിസ്ഥാനലക്ഷ്യം. ലൈംഗികതയെ കച്ചവടച്ചരക്കാക്കുന്ന ഈ നീക്കങ്ങളെ ചെറുത്തു പരാജയപ്പെടുത്തിയില്ലെങ്കിൽ സമൂഹം വലിയ വില കൊടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
പോർചുഗീസുകാരെ തുരത്താനുള്ള സമരത്തിൽ സാമൂതിരിയുടെ നേതൃത്വമംഗീകരിച്ചുകൊണ്ട് ഇഴയടുപ്പത്തോടെ ഒറ്റക്കെട്ടായി പോരാടിയ ചരിത്രമാണ് ഇവിടെയുള്ളത്. വൈജാത്യങ്ങളുണ്ടെങ്കിലും മാനസികമായ ഐക്യം പൊതുവിഷയങ്ങളിൽ വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽപെട്ടവർക്കുണ്ടായിരുന്നു. എന്നാൽ, സമൂഹത്തെ ധ്രുവീകരിക്കാനുള്ള ഇപ്പോഴത്തെ നീക്കം ആസൂത്രിതമാണ്. കുടുംബങ്ങൾ തകരുമ്പോൾ തകർക്കപ്പെടുന്നത് അടുത്ത തലമുറയാണ്. ഏകശിലാത്മക രാഷ്ട്രീയ ഘടനക്കുവേണ്ടിയുള്ള നീക്കം പരസ്യമായ സംഗതിയാണ്. പക്ഷേ, അതിനേക്കാൾ അപകടകരമാണ് വെറുപ്പ് ഉൽപാദനം മൂലം മനസ്സുകളിൽ സംഭവിക്കുന്നത്. ഫാഷിസത്തിന്റെ ഈറ്റില്ലമായ ജർമനിയിലും ഇറ്റലിയിലും ഈ വെറുപ്പുൽപാദനം ലോകം കണ്ടതാണ്.
ആ മാനസിക ഘടനയിൽനിന്ന് മുക്തരാകാൻ ഫാഷിസത്തിന്റെ പരാജയശേഷവും ഈ രാജ്യങ്ങൾക്ക് ഏറെക്കാലം വേണ്ടിവന്നു. ഇന്ത്യയിൽ സംഭവിക്കുന്നത് വിഭാഗീയമായ വെറുപ്പുൽപാദനം മാത്രമല്ല, മതകീയമായ വെറുപ്പാണ് ഇവിടെ ഉൽപാദിപ്പിക്കപ്പെടുന്നത്. ഈ വെറുപ്പുൽപാദനം മൂലമുണ്ടാകുന്ന നഷ്ടം ഏതെങ്കിലും വിഭാഗത്തിന് മാത്രമായിരിക്കില്ല. സമൂഹത്തെയൊന്നാകെ ബാധിക്കുന്നതാണിത്. വ്യത്യസ്തതകൾ നിലനിർത്തിക്കൊണ്ടുതന്നെ പരസ്പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സാംസ്കാരികാവസ്ഥ പണ്ടേ ഇന്ത്യക്ക് കൈമുതലായുള്ളതാണ്. അതാണ് ശിഥിലമാകുമെന്ന് ബ്രിട്ടീഷുകാർ പ്രവചിച്ചിട്ടും തകരാതെ ഇന്ത്യ ജനാധിപത്യ രാജ്യമായി നിലനിന്നതിന് കാരണം. എന്നാൽ, ഇതിനെ തകർക്കുന്ന രീതിയിൽ ഇന്ന് വെറുപ്പുൽപാദനം നടക്കുകയാണ്. മതവിമർശനം സ്വാഭാവികമാണ്. എന്നാൽ, മറ്റു മതങ്ങളെ അധിക്ഷേപിക്കുകയും മതനേതാക്കളെ പറ്റി കളവ് പ്രചരിപ്പിച്ച്, അവഹേളിക്കുകയും ചെയ്യുന്ന തരത്തിലേക്ക് സമൂഹം മാറുന്നു എന്നതാണ് അപകടകരം.
മതങ്ങളെ അധിക്ഷേപിക്കുന്നവരെ മതജാതി വ്യത്യാസമില്ലാതെ ചെറുക്കാൻ സമൂഹവും ജനാധിപത്യവിശ്വാസികളും മുന്നോട്ടുവരുകയാണ് ഇതിന് പരിഹാരം. എല്ലാ മത, സാമുദായിക സംഘടനകളും ഇക്കാര്യത്തിൽ യോജിപ്പിന്റെ മേഖലകൾ കണ്ടെത്തണം. യുക്തിവാദികളുമായി പലതവണ സംവാദം നടത്തിയിട്ടുണ്ടെങ്കിലും അതെല്ലാം ജനാധിപത്യപരമായിരുന്നു. സ്വന്തം നിലപാടുകൾ സമർഥിക്കാൻ എല്ലാവരും ശ്രമിക്കും. അത് അപരന്റെ നിലപാടുകളെ ബഹുമാനിച്ചുകൊണ്ടായിരുന്നു. എന്നാൽ, ഇന്ന് നവ നാസ്തികർ എന്നറിയപ്പെടുന്ന വിഭാഗം അധിക്ഷേപത്തിന്റെയും വെറുപ്പിന്റെയും രീതിയാണ് അവലംബിക്കുന്നത്. ജനാധിപത്യത്തിൽ ഏറ്റവും വലിയ ആയുധം വോട്ട്തന്നെയാണ്. അതിനെ ഭിന്നിപ്പിച്ച് ജനവിധി തങ്ങൾക്കനുകൂലമാണെന്ന് വരുത്തിത്തീർക്കാനാണ് ഫാഷിസ്റ്റുകൾ ശ്രമിക്കുന്നത്. എതിർപക്ഷമാണ് ഭൂരിപക്ഷമെങ്കിലും അവരെ ഭിന്നിപ്പിച്ച് നിർത്തുകയാണ്. ഇക്കാര്യം മനസ്സിലാക്കിക്കൊണ്ട് രാഷ്ട്രീയ കക്ഷികളും ജനാധിപത്യ പ്രസ്ഥാനങ്ങളും സാമുദായിക സംഘടനകളും നിലപാടെടുക്കണം. ഭൂരിപക്ഷത്തിന്റെ മനസ്സ് നേടിയെടുക്കാനാണ് ഫാഷിസം ശ്രമിക്കുന്നത്. ആ ശ്രമങ്ങളെ സഹായിക്കുകയാണ് ഫാഷിസത്തെ ചെറുക്കാനെന്നപേരിൽ തീവ്രനിലപാടെടുക്കുന്നവർ ചെയ്യുന്നത്.
ഭരണമാറ്റം കൊണ്ടുമാത്രം പരിഹരിക്കാനാവാത്ത സാംസ്കാരിക പ്രശ്നത്തെ നേരിടാനും യോജിച്ച പ്രവർത്തനം വേണം. രാഹുൽ ഗാന്ധിയുടെ നിലപാടുകളും നടപടികളും പ്രതീക്ഷ നൽകുന്നതാണ്. പക്ഷേ, എത്രത്തോളം മുന്നോട്ടുപോകാൻ കോൺഗ്രസിനാകും എന്ന കാര്യത്തിൽ സംശയമുണ്ട്. രാഷ്ട്രീയസംഘടനകളാണ് ജനാധിപത്യം സംരക്ഷിക്കാനുള്ള വിശാല കൂട്ടായ്മകൾക്ക് മുൻകൈയെടുക്കേണ്ടത്. സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ മത, സാമുദായിക സംഘടനകൾ ഇതിനായി മുന്നിട്ടിറങ്ങുമെന്നതിൽ സംശയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.