മനാമ: ബഹ്റൈനിൽ വാനരവസൂരി പ്രതിരോധ വാക്സിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. താൽപര്യമുള്ളവർക്ക് healthalert.gov.bh എന്ന വെബ്സൈറ്റ് വഴിയോ 444 എന്ന ഹോട്ട് ലൈൻ നമ്പറിൽ വിളിച്ചോ രജിസ്റ്റർ ചെയ്യാം. പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്താൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതർ വ്യക്തമാക്കി.
പരിമിതമായ തോതിലുള്ള വാക്സിനാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. മുൻനിര ആരോഗ്യപ്രവർത്തകർ, രോഗം ബാധിക്കാൻ കൂടുതൽ സാധ്യതയുള്ളവർ തുടങ്ങിയ മുൻഗണന വിഭാഗങ്ങൾക്കാണ് ആദ്യം നൽകുക. തുടർന്ന് ലഭിക്കുന്ന വാക്സിൻ രജിസ്റ്റർ ചെയ്യുന്ന പൗരന്മാർക്കും പ്രവാസികൾക്കും നൽകും. സൗജന്യമായാണ് വാക്സിൻ വിതരണമെന്നും അധികൃതർ അറിയിച്ചു.
വാനരവസൂരിയെ പ്രതിരോധിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. രോഗം ബാധിക്കുന്നവർക്ക് 21 ദിവസത്തെ ഐസൊലേഷൻ ഉൾപ്പെടെയുള്ള പ്രതിരോധ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. രോഗത്തെ പകർച്ചവ്യാധികളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
രോഗം സ്ഥിരീകരിക്കുന്ന വ്യക്തിയുടെ സാമ്പ്ൾ പരിശോധനക്കെടുക്കുന്ന ദിവസം മുതൽ ഐസൊലേഷൻ ആരംഭിക്കും. ഇവർക്ക് ആവശ്യമായ ചികിത്സകളും നൽകും. രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ടതായി സംശയിക്കുന്ന വ്യക്തികൾക്കും ഐസൊലേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. രോഗിയുടെ ആരോഗ്യസ്ഥിതി വിലയിരുത്താൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ആവശ്യാനുസരണം ഐസൊലേഷൻ കാലയളവ് കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.