മനാമ: മൊറോക്കോയിലെ ഭൂകമ്പദുരിതബാധിതർക്ക് അടിയന്തര സഹായം എത്തിക്കാൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നിർദേശിച്ചു. ദുരന്തത്തെ അതിജീവിക്കുന്നതിൽ ബഹ്റൈൻ ഗവൺമെന്റിന്റെയും ജനങ്ങളുടെയും പിന്തുണയും ഐക്യദാർഢ്യവും അദ്ദേഹം മൊറോക്കോയിലെ മുഹമ്മദ് രാജാവിനെ അറിയിച്ചു. ബഹ്റൈനും മൊറോക്കോയും തമ്മിൽ ചരിത്രപരമായ ബന്ധമുണ്ട്.
പ്രയാസകരമായ സമയങ്ങളിൽ രാജ്യത്തിന്റെ ഐക്യദാർഢ്യം എപ്പോഴുമുണ്ടാകുമെന്നും സന്ദേശത്തിൽ ഹമദ് രാജാവ് ചൂണ്ടിക്കാട്ടി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും മൊറോക്കൻ രാജാവ് മുഹമ്മദ്, കിരീടാവകാശി മൗലേ ഹസൻ രാജകുമാരൻ, പ്രധാനമന്ത്രി അസീസ് അഖന്നൗച്ച് എന്നിവർക്ക് അനുശോചന സന്ദേശമയച്ചു.
ഭൂകമ്പബാധിതർക്ക് ആവശ്യമായ സഹായം നൽകാനും മൊറോക്കോയെ പിന്തുണക്കാനും റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന് (ആർ.എച്ച്.എഫ്) ഹമദ് രാജാവ് നിർദേശം നൽകി. വേദനജനകമായ ദുരന്തത്തിൽ അടിയന്തര സഹായമെത്തിക്കാൻ മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യങ്ങൾക്കുംവേണ്ടിയുള്ള രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫയോട് ആവശ്യപ്പെട്ടു. ദുരിതബാധിതരെ പിന്തുണക്കാനുമുള്ള ഹമദ് രാജാവിന്റെ നിർദേശങ്ങൾക്ക് ആർ.എച്ച്.എഫ് ഓണററി പ്രസിഡന്റായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ നന്ദി അറിയിച്ചു. സ്പീക്കർ അഹമ്മദ് അൽ മുസല്ലം, ശൂറ കൗൺസിൽ ചെയർമാൻ അലി സാലിഹ് അൽ സാലിഹ് എന്നിവരും മൊറോക്കൻ നേതാക്കൾക്ക് അനുശോചന സന്ദേശങ്ങൾ അയച്ചു. ആറ് ദശകങ്ങൾക്കുള്ളിലെ ഏറ്റവും മാരകമായ ഭൂകമ്പമാണ് മൊറോക്കോയിൽ സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.