മനാമ: ഇന്ത്യൻ സ്കൂൾ സംഘടിപ്പിക്കുന്ന മദർകെയർ ഐ.എസ്.ബി എ.പി.ജെ ഇന്റർ ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റ് അഞ്ചാം സീസണിൽ 18 ടീമുകൾ സെമിഫൈനലിൽ കടന്നു.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രശ്നോത്തരിയുടെ പ്രാഥമിക റൗണ്ട് കഴിഞ്ഞ ദിവസം ജൂനിയർ വിങ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രാഥമിക റൗണ്ടിൽ ബഹ്റൈനിലെ 13 സ്കൂളുകളെ പ്രതിനിധാനം ചെയ്ത് 37 ടീമുകൾ പങ്കെടുത്തു. കുട്ടികളുടെ ശാസ്ത്ര സാങ്കേതിക മേഖലയിലെ അറിവും പ്രശ്നപരിഹാര കഴിവുകളും കൂട്ടായ്മയും മത്സരത്തിൽ പ്രകടമായിരുന്നു.
ശാസ്ത്രം, പ്രകൃതി, സാങ്കേതിക വിദ്യ, പരിസ്ഥിതി ശാസ്ത്രം, ബാലസാഹിത്യം, സമകാലിക കാര്യങ്ങൾ, സംഭവങ്ങൾ, പൊതുവിജ്ഞാനം, സ്പെല്ലിങ് ബീ തുടങ്ങിയ സമ്മിശ്ര വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും ഉണ്ടായിരുന്നു. പ്രീ ഫൈനൽ റൗണ്ടുകൾ ഒക്ടോബർ 5 ശനിയാഴ്ചയും ഫൈനൽ ഒക്ടോബർ 18നും നടക്കും.
ഈ വാർഷിക പ്രശ്നോത്തരി വിവിധ സ്കൂളുകളിൽ നിന്നുള്ള കുരുന്നു മനസ്സുകളിൽ ശാസ്ത്രത്തോടുള്ള അഭിനിവേശം വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്നു. അവരുടെ ബൗദ്ധിക വെല്ലുവിളിക്കും വളർച്ചക്കും മത്സരം അവസരം നൽകുന്നു. ക്വിസ് മാസ്റ്റർ ശരത് മേനോൻ രസകരമായ രീതിയിൽ പരിപാടി നയിച്ചു.
പ്രാഥമിക റൗണ്ടിൽ സജീവമായി പങ്കെടുത്ത കുട്ടികളെ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.