അ​ൽ കു​ബ്ര ഗാ​ർ​ഡ​​ന്റെ ഭാ​ഗ​മാ​യ ദി​നോ​സ​ർ പാ​ർ​ക്ക്​

സന്ദർശകരെ ആകർഷിച്ച് മുഹറഖ് അൽ കുബ്ര ഗാർഡൻ

ജാഫർ പൂളക്കൽ

മനാമ: കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിച്ച് മുഹറഖിലെ അൽ കുബ്ര പാർക്ക്. കഴിഞ്ഞ വർഷം നവീകരണം പൂർത്തിയാക്കി തുറന്നുകൊടുത്ത പാർക്കിലേക്ക് ദിവസവും നിരവധി പേരാണ് വിനോദത്തിനായി എത്തുന്നത്.

ബഹ്‌റൈൻ ഇന്‍റർനാഷനൽ എയർപോർട്ടിനടുത്ത് സ്ഥിതിചെയ്യുന്ന ഈ പാർക്കിൽ വൈകീട്ട് നാലു മുതൽ രാത്രി 12 മണി വരെയാണ് പ്രവേശനം. പാർക്കിലെത്തുന്നവർക്ക് 300 ഫിൽസ് എൻട്രി ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്. വിശാലമായ കാർ പാർക്കിങ്ങും നടപ്പാതകളും പ്രാഥമികാവശ്യങ്ങൾക്കുള്ള ശൗചലയങ്ങളും വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും വാട്ടർ ഫൗണ്ടനും കുട്ടികൾക്കും മുതിർന്നവർക്കുമുള്ള അമ്യൂസ്മെന്‍റ് പാർക്കും കഫേയും ഇവിടത്തെ സവിശേഷതകളാണ്. അമ്യൂസ്മെന്‍റ് പാർക്കിലെ റൈഡുകൾക്ക് 500 ഫിൽസും ഒരു ദിനാറും തുടങ്ങി വ്യത്യസ്ത നിരക്കുകളുണ്ട്.

അവധിക്കാലം ശരിക്കും ആസ്വദിക്കാൻ കഴിയുന്ന വിനോദ കേന്ദ്രമാണ് അൽ കുബ്ര ഗാർഡൻ (മുഹറഖ് ഗ്രാൻഡ് പാർക്ക്) എന്ന് നിസ്സംശയം പറയാം. വിശാലമായ പച്ചപ്പുൽത്തകിടികളും വിവിധ തരം പൂച്ചെടികളും ഈന്തപ്പനകളും ഈ പാർക്കിനെ മനോഹരമാക്കുന്നു.

അൽ കുബ്ര പാർക്കിന്റെ ഭാഗമായ ജുറാസിക് പാർക്കിൽ കൃത്രിമമായി ചലിക്കുന്ന വിവിധ തരത്തിലുള്ള ദിനോസറുകളെ കാണാൻ കഴിയും. ഹോളിവുഡ് ഹൊറർ സിനിമയിലെ കഥപാത്രത്തെ സൃഷ്ടിച്ചുള്ള ഷോയും ഇവിടെ നടക്കുന്നുണ്ട്. സർക്കസ് ഷോയും വിവിധ തരത്തിലുള്ള റൈഡുകളും ഈ പാർക്കിന്റെ പ്രത്യേകതയാണ്. രാത്രി ദീപാലംകൃതമാകുന്ന ഗാർഡൻ ഏവരെയും ആകർഷിക്കുമെന്ന് ഉറപ്പാണ്. കഴിഞ്ഞ വർഷം ഒടുവിൽ തുറന്നുകൊടുത്ത പാർക്കിൽ ദിവസവും 2000ത്തിലധികം പേർ എത്തുന്നുണ്ടെന്നാണ് കണക്ക്. 90,692 ചതുരശ്ര മീറ്ററിൽ സ്ഥിതി ചെയ്യുന്ന ഗാർഡൻ പ്രദേശത്തിന് നൽകുന്ന ഹരിതഭംഗി ശ്രദ്ധേയമാണ്. 

Tags:    
News Summary - Muharraq Al Kubra Garden attracts visitors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.