മനാമ: വിദ്യാർഥികൾക്ക് രാജ്യത്തെ ദൂരസ്ഥലങ്ങളിൽ പോയി പഠിക്കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് മുഹറഖിൽ ഉന്നത വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിക്കണമെന്ന് നിർദേശം. മൾട്ടി യൂനിവേഴ്സിറ്റി കാമ്പസ് സ്ഥാപിക്കണമെന്ന നിർദേശം കഴിഞ്ഞ ദിവസം ചേർന്ന മുഹറഖ് മുനിസിപ്പൽ കൗൺസിൽ യോഗം ഏകകണ്ഠമായി പാസാക്കി.
ബഹ്റൈൻ യൂനിവേഴ്സിറ്റി, ബഹ്റൈൻ പോളിടെക്നിക്, ബഹ്റൈൻ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട്, പുതിയ ഈസ അൽ കബീർ അൽ ഹിദായ ആൽ ഖലീഫ യൂനിവേഴ്സിറ്റി എന്നിവയുടെ കാമ്പസുകൾ ഉൾപ്പെടുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രമാണ് വിഭാവനം ചെയ്യുന്നത്. ഏറ്റവും ഉചിത സ്ഥലമായി അംഗങ്ങൾ നിർദേശിച്ചിരിക്കുന്നത് ബുസൈതീനാണ്. മന്ത്രിസഭ അംഗീകാരം നൽകിയാലാണ് നിർദേശം നടപ്പാവുക.
സഖീർ, ഈസ ടൗൺ, സൽമാനിയ എന്നിവിടങ്ങളിലെ ബഹ്റൈൻ യൂനിവേഴ്സിറ്റി കാമ്പസുകളിലായി 30,000ത്തോളം വിദ്യാർഥികളാണ് പഠിക്കുന്നത്. ഇതിൽ 5000ത്തോളം പേർ മുഹറഖിൽനിന്നാണെന്ന് കൗൺസിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി. ബഹ്റൈൻ പോളിടെക്നിക്കിൽ 6000ത്തോളം വിദ്യാർഥികളും പഠിക്കുന്നുണ്ട്. മുഹറഖിൽ പുതുതായി ആരംഭിക്കുന്ന ഈസ അൽ കബീർ അൽ ഹിദായ ആൽ ഖലീഫ യൂനിവേഴ്സിറ്റിയിൽ 5000ത്തോളം വിദ്യാർഥികൾ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുഹറഖ് ഗവർണറേറ്റിൽനിന്ന് ദീർഘദൂരം യാത്ര ചെയ്ത് സതേൺ ഗവർണറേറ്റിലെത്തി ഉന്നത വിദ്യാഭ്യാസം നടത്തുന്ന ആയിരക്കണക്കിന് വിദ്യാർഥികളാണുള്ളതെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. മുഹറഖിൽ മൾട്ടി യൂനിവേഴ്സിറ്റി കാമ്പസ് വന്നാൽ ഇവരുടെ യാത്രാക്ലേശത്തിന് പരിഹാരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.