രണ്ടാം തുഴച്ചിൽ മത്സരത്തിലും വിജയികളായ സുമൂം ടീമിന്റെ ആഹ്ലാദം

നാസർ ബിൻ ഹമദ് മറൈൻ ഹെറിറ്റേജ് സീസൺ : രണ്ടാം തുഴച്ചിൽ മത്സരത്തിലും സുമൂം ടീമിന് വിജയം

മനാമ: നാസർ ബിൻ ഹമദ് മറൈൻ ഹെറിറ്റേജ് സീസണിന്റെ ആറാമത് എഡിഷ​ന്റെ രണ്ടാം തുഴച്ചിൽ മത്സരത്തിലും സുമൂം ടീമിന് വിജയം. അഹമ്മദ് നാസർ അൽ ബൗസ്‌മൈത്തിന്റെ നേതൃത്വത്തിലുള്ള ടീം, ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ കപ്പ് നേടി. രണ്ടാഴ്ച മുമ്പ് ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ കപ്പും ടീം നേടിയിരുന്നു. സീസൺ അവസാനമായ അടുത്ത മാസം നടക്കുന്ന കിങ് ഹമദ് കപ്പിനുള്ള അവസാന തുഴച്ചിൽ റൗണ്ടിൽ ഹാട്രിക് നേടാമെന്ന പ്രതീക്ഷയിലാണ് റോവിങ് ചാമ്പ്യന്മാർ. അബ്ദുല്ല ഖലീഫയുടെ നേതൃത്വത്തിലുള്ള എസ്സാർ ടീം വീണ്ടും രണ്ടാം സ്ഥാനവും ജുമാ ഹമദ് അൽ ഹസന്റെ നേതൃത്വത്തിലുള്ള അൽ അദീദ് ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഖലീഫ ബിൻ സൽമാൻ പാർക്കിന് അടുത്താണ് മത്സരം നടന്നത്.


വിജയികളായ ടീം സംഘാടകർക്കൊപ്പം

മത്സരം വീക്ഷിക്കാൻ നൂറുകണക്കിനാളുകൾ എത്തിയിരുന്നു. ജനറൽ സ്‌പോർട്‌സ് അതോറിറ്റി ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. ആധുനിക ഡൈവിങ് ഉപകരണങ്ങൾ ഉപയോഗിക്കാതെ 15 മീറ്റർ താഴ്ചയിൽ മുത്തുച്ചിപ്പി ശേഖരിക്കാൻ പ്രഫഷനൽ ഡൈവർമാർ ലക്ഷ്യമിടുന്ന ‘ഗൈസ് അൽ മവ്‌റൂത്ത്’ ഗൈസ് അൽ മവ്‌റൂത്ത് മത്സരം വെള്ളിയാഴ്ച നടക്കും. മത്സ്യബന്ധന മത്സരവും ഉൾപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത തുഴച്ചിലിനൊപ്പം ഡൈവിങ്ങും മീൻപിടിത്തവും ഇത്തവണ ഉൾപ്പെടുത്തി.

നാസർ ബിൻ ഹമദ് ഫാൽകൺറി, ഹണ്ടിങ് ഒമ്പതാമത് സീസൺ നവംബർ മുതൽ ഫെബ്രുവരി വരെ നടക്കും. കൂടുതൽ വിവരങ്ങൾക്ക് @mawroothbh സന്ദർശിക്കുക അല്ലെങ്കിൽ 66944744 എന്ന നമ്പറിൽ വിളിക്കുക.

Tags:    
News Summary - Nasser Bin Hamad Marine Heritage Season: Zumoom team wins second rowing competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.