മനാമ: ഇന്ത്യക്ക് വെളിയിൽ വിദ്യാഭ്യാസം നടത്തുന്ന കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നതിനുവേണ്ടി ഗൾഫ് മേഖലകളിൽ ഉണ്ടായിരുന്ന 12 നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് കേന്ദ്രങ്ങൾ ഒഴിവാക്കി ലിസ്റ്റ് പ്രസിദ്ധീകരിച്ച നടപടിയിൽ ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം എന്നിവർ പ്രതിഷേധം രേഖപ്പെടുത്തി.
ഏറ്റവും കൂടുതൽ മലയാളി വിദ്യാർഥികൾക്ക് അനുഗ്രഹമായിരുന്ന നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ ഗൾഫ് മേഖലയിൽ നിന്ന് പൂർണമായും ഒഴിവാക്കിയതിൽ മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും അടിയന്തരമായി കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്താനും, നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ പുനഃസ്ഥാപിപ്പിക്കാനുമുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. വെക്കേഷൻ സമയത്തു വളരെ വലിയ തുക കൊടുത്തു ഫ്ലൈറ്റ് ടിക്കറ്റ് മുടക്കി നാട്ടിൽ ചെന്ന് പരീക്ഷ എഴുതാൻ ബഹുഭൂരിപക്ഷം കുട്ടികൾക്കും സാധിക്കില്ല. കേരള സെക്ടറിൽ ഒരു നീതീകരണവുമില്ലാത്ത രീതിയിലാണ് ഫ്ലൈറ്റ് ചാർജുകൾ വെക്കേഷൻ സമയത്തു വർധിപ്പിക്കുന്നത്.
ഇതുമൂലം ഉയർന്ന പഠന നിലവാരം പുലർത്തുന്ന പാവപ്പെട്ട പ്രവാസി കുട്ടികൾക്ക് നീറ്റ് പരീക്ഷ എഴുതാൻ സാധിക്കില്ല. കേന്ദ്ര - സംസ്ഥാന സർക്കാറുകൾ പ്രവാസികളോട് കാട്ടുന്ന നീതി നിഷേധത്തിന്റെ ഏറ്റവും അവസാന ഉദാഹരണമാണ് നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ ഗൾഫ് മേഖലകളിൽ നിന്ന് ഒഴിവാക്കാൻ നടത്തുന്ന ശ്രമങ്ങളെന്ന് രാജു കല്ലുംപുറവും ബിനു കുന്നന്താനവും ആരോപിച്ചു.
സംസ്ഥാന സർക്കാർ ഇടപെടുന്നില്ലെങ്കിൽ പ്രതിപക്ഷ നേതാവിനെയും മറ്റ് യു.ഡി.എഫ് നേതാക്കളുടെയും യു.ഡി.എഫ് എം.പിമാരെയും ഈ പ്രശ്നത്തിൽ ഇടപെടുത്തി കേന്ദ്ര ഗവൺമെന്റിൽ സമ്മർദം ചെലുത്താനുള്ള നടപടികൾ സ്വീകരിക്കുമെന്നും രാജു കല്ലുംപുറവും ബിനു കുന്നന്താനവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.