മനാമ: അഖിലേന്ത്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റിന് ബഹ്റൈനിലും പരീക്ഷകേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം.സി.സി ബഹ്റൈന്‍ സംസ്ഥാന ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവയെ നേരില്‍കണ്ട് നിവേദനം നല്കി.
നീറ്റ് പരീക്ഷക്ക് ബഹ്റൈനില്‍ പരീക്ഷകേന്ദ്രം അനുവദിക്കാത്തതിനാല്‍ നിരവധി രക്ഷിതാക്കളും വിദ്യാർഥികളും ആശങ്കയിലാണെന്ന് നേതാക്കള്‍ അറിയിച്ചു. നിലവില്‍ കോവിഡിെൻറ പശ്ചാത്തലത്തില്‍ ബഹ്റൈനിലെ വിദ്യാർഥികള്‍ ഇന്ത്യയിലെത്തി പരീക്ഷ എഴുതുന്നതിന് വലിയ തുക ചെലവഴിക്കേണ്ടിവരും. കൂടാതെ, ഇത് വിദ്യാര്‍ഥികളില്‍ മാനസികസമ്മര്ദത്തിനുമിടയാക്കും. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസമേകുന്ന തരത്തില്‍ ബഹ്റൈനിലും നീറ്റ് പരീക്ഷകേന്ദ്രം ഒരുക്കാൻ നടപടി സ്വീകരിക്കണമെന്നും ഇക്കാര്യം കേന്ദ്രഭരണകൂടത്തെ അറിയിക്കണമെന്നും കെ.എം.സി.സി നിവേദനത്തില്‍ ആവശ്യപ്പെട്ടു. നിലവില്‍ യു.എ.ഇയിലും കുവൈത്തിലും നീറ്റ് പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ബഹ്റൈനിലും പരീക്ഷകേന്ദ്രം ഒരുക്കുകയാണെങ്കില്‍ സൗദിയിലെ ദമ്മാമിലുള്ള ഇന്ത്യന്‍ വിദ്യാർഥികള്‍ക്കും ബഹ്റൈനിലെത്തി പരീക്ഷ എഴുതാന്‍ സാധിക്കുമെന്നും നേതാക്കള്‍ അംബാസഡറെ അറിയിച്ചു.
കെ.എം.സി.സി ബഹ്റൈന്‍ ആക്ടിങ് പ്രസിഡൻറ് ഗഫൂര്‍ കയ്പമംഗലം ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവക്ക് നിവേദനം കൈമാറി. ചടങ്ങില്‍ സംസ്ഥാന ട്രഷറര്‍ റസാഖ് മൂഴിക്കല്‍, എംബസി വിങ് കൺവീനർ അബ്ദുറഹ്മാന് മാട്ടൂല്‍ എന്നിവര്‍ പങ്കെടുത്തു.
ബഹ്റൈനിലെ ഇന്ത്യന്‍ വിദ്യാർഥികളുടെ ആശങ്കകള്‍ പരിഹരിക്കാൻ നീക്കം നടത്തുമെന്ന് അംബാസഡര്‍ ഭാരവാഹികള്‍ക്ക് ഉറപ്പുനല്‍കി. ബഹ്റൈനിലെയും ദമ്മാമിലെയും നീറ്റ് പരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികളുടെ വിവരങ്ങള്‍ ലഭ്യമാക്കാനും അംബാസഡര്‍ നിർദേശിച്ചു. ഇതിെൻറ പശ്ചാത്തലത്തില്‍ ദമ്മാം കെ.എം.സി.സിയുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.