മനാമ: ബഹ്റൈനിൽ പ്രഖ്യാപിച്ച പുതിയ കോവിഡ് നിയന്ത്രണങ്ങൾ വെള്ളിയാഴ്ച പ്രാബല്യത്തിലായി. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് അധിക നിയന്ത്രണം. ഷോപ്പിങ് മാളുകൾ, റീെട്ടയിൽ ഷോപ്പുകൾ, ഇൻഡോർ സേവനങ്ങൾ (റസ്റ്റാറൻറ്, സിനിമ, സലൂൺ തുടങ്ങിയവ), സർക്കാർ ഒാഫിസുകൾ, സേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ കോവിഡ് വാക്സിൻ രണ്ടു ഡോസും സ്വീകരിച്ച് 14 ദിവസമായവർക്കും രോഗമുക്തി നേടിയവർക്കും മാത്രമാണ് പ്രവേശനം.
18 വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. അതേസമയം സൂപ്പർ മാർക്കറ്റുകൾ, ബാങ്കുകൾ, ഫാർമസികൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ ഇൗ നിബന്ധന ബാധകമല്ല. മാളുകളിലും മറ്റും വെള്ളിയാഴ്ച മുതൽ പുതിയ നിബന്ധന നടപ്പാക്കിത്തുടങ്ങി. ഇക്കാര്യം സൂചിപ്പിച്ച് മാളുകൾക്കു പുറത്ത് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ബി അവെയർ ആപ്പിലെ പച്ച ഷീൽഡ് പരിശോധിച്ചാണ് ആളുകളെ അകത്ത് പ്രവേശിപ്പിക്കുന്നത്.
പള്ളികളിൽ നമസ്കാരത്തിന് എത്തുന്നവർക്കും വെള്ളിയാഴ്ച മുതൽ കോവിഡ് കുത്തിവെപ്പോ രോഗമുക്തിയോ നിർബന്ധമാക്കി. ബി അവെയർ ആപ്പിൽ പച്ച ഷീൽഡ് കാണിക്കുന്നവരെ മാത്രമാണ് പള്ളിയിലേക്ക് കടത്തിവിടുക. പ്രതിദിനമുള്ള അഞ്ചുനേരത്തെ നമസ്കാരത്തിനും വെള്ളിയാഴ്ച ജുമുഅക്കും ഇത് ബാധകമാണ്. നീതിന്യായ, ഇസ്ലാമികകാര്യ, ഒൗഖാഫ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്കു മാത്രമാണ് പള്ളികളിലും അനുമതി.
18 വയസ്സിനു താഴെയുള്ളവർക്ക് പ്രവേശനമില്ല. കഴിഞ്ഞ ദിവസങ്ങളിൽ ബഹ്റൈനിൽ കോവിഡ് കേസുകൾ വർധിച്ചതിനാലാണ് നാഷനൽ മെഡിക്കൽ ടീം കഴിഞ്ഞ ദിവസം പുതിയ നിബന്ധനകൾ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച 2415 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന രോഗസ്ഥിരീകരണമാണ് ഇത്. നിലവിലുള്ള രോഗികളുടെ എണ്ണം 18,551 ആയി ഉയരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.