മനാമ: സൗദി അറേബ്യ പ്രാബല്യത്തിൽ വരുത്തിയ പുതിയ യാത്രാ നിയന്ത്രണങ്ങളെത്തുടർന്ന് ബഹ്റൈനിൽ കുടുങ്ങിയത് 1000ഒാളം മലയാളികൾ. കോവിഡ് വാക്സിൻ സ്വീകരിച്ചവരെ മാത്രമേ കടത്തി വിടൂ എന്ന നിബന്ധന കിങ് ഫഹദ് കോസ്വേ അധികൃതർ വ്യാഴാഴ്ച മുതൽ നടപ്പാക്കിയതാണ് ഇവർക്ക് തിരിച്ചടിയായത്. സൗദിയിലേക്ക് പോകാൻ വ്യാഴം, വെള്ളി ദിവസങ്ങളിൽ കോസ്വേയിൽ എത്തിയ യാത്രക്കാരെ തിരിച്ചയച്ചു.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സൗദിയിലേക്ക് ഇന്ത്യയിൽനിന്ന് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാൽ ബഹ്റൈൻ വഴി പോകാൻ എത്തിയവരാണ് പ്രയാസത്തിലായത്. ബഹ്റൈനിൽ 14 ദിവസത്തെ ക്വാറൻറീന് ശേഷമാണ് കോസ്വേ വഴി ഇന്ത്യക്കാർ സൗദിയിലേക്ക് പോയിക്കൊണ്ടിരുന്നത്. എന്നാൽ, പുതിയ നിബന്ധന ഇൗ മാർഗം അടച്ചു.
സൗദി റസിഡൻസ് വിസയുള്ളവർ, െതാഴിൽ, സന്ദർശക, ടൂറിസം വിസയിൽ വരുന്നവർ എന്നിവർക്കാണ് പുതിയ നിബന്ധന ബാധകം. ഇവർ 72 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഹാജരാക്കണം. സൗദി അംഗീകരിച്ച ഫൈസർ, ആസ്ട്ര സേനക്ക), മൊഡേണ എന്നീ വാക്സിനുകൾ രണ്ട് ഡോസും ജോൺസൻ ആൻറ് ജോൺസൻ വാക്സിൻ ഒറ്റ ഡോസും എടുത്തവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. വാക്സിൻ സ്വീകരിക്കാതെ എത്തിയവരാണ് ബഹ്റൈനിൽ കുടുങ്ങിയത്. ബഹ്റൈനിൽ സ്വകാര്യ മേഖലയിൽ വാക്സിൻ നൽകുന്നുമില്ല.
അതേസമയം, വിമാന മാർഗം ഇവർക്ക് സൗദിയിലേക്ക് പോകുന്നതിന് തടസ്സമില്ല. സൗദിയിൽ എത്തി ഒരാഴ്ച ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറീനിൽ കഴിയണമെന്ന വ്യവസ്ഥയാണുള്ളത്. വിമാന ടിക്കറ്റ് എടുക്കുേമ്പാൾ തന്നെ ഹോട്ടൽ താമസത്തിനുള്ള ബുക്കിങ്ങും നടത്തണം. സൗദി എയർലൈൻസ്, ഗൾഫ് എയർ എന്നിവ മുഖേനയാണ് ഇതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്.
ബഹ്റൈനിൽനിന്ന് സൗദിയിലേക്ക് പോകാൻ ഒരാഴ്ചത്തെ ക്വാറൻറീൻ അടക്കം 80000 രൂപയോളം ചെലവ് വരുമെന്നാണ് ട്രാവൽ ഏജൻസികൾ പറയുന്നത്. വൻതുക മുടക്കി ബഹ്റൈനിലെത്തിയ യാത്രക്കാർക്ക് ഇത് ഇരട്ടി ഭാരമാകും. പലരും 14 ദിവസത്തെ വിസയിലാണ് ബഹ്റൈനിൽ എത്തിയിരിക്കുന്നത്. ഇൗ കാലാവധി കഴിയുന്നതിനാൽ അത് പുതുക്കുകയും വേണം. 72 മണിക്കൂർ സമയപരിധി കഴിയുന്നതിനാൽ വീണ്ടും ടെസ്റ്റ് നടത്തുകയും വേണം. ചുരുക്കത്തിൽ, നാട്ടിൽനിന്നുള്ള വരവും ബഹ്റൈനിലെ താമസവും സൗദി യാത്രയും ഉൾപ്പെടെ രണ്ടര ലക്ഷം രൂപയെങ്കിലും ഇവർക്ക് ചെലവാകുന്ന സ്ഥിതിയാണ്.
അതിനിടെ, ബഹ്റൈൻ പ്രഖ്യാപിച്ചിട്ടുള്ള പുതിയ യാത്രാ നിയന്ത്രണങ്ങൾ ഇന്ത്യയിൽനിന്നുള്ള സൗദി യാത്രക്കാരുടെ വരവ് തന്നെ മുടക്കും. ബഹ്റൈനിൽ റസിഡൻസ് വിസയുള്ളവർക്ക് മാത്രമാണ് ഞായറാഴ്ച മുതൽ ഇങ്ങോട്ട് വരാൻ കഴിയുക. മറ്റ് വിസകളിൽ ബഹ്റൈനിൽ എത്തി സൗദിയിലേക്ക് പോകാനുള്ള വഴിയാണ് ഇതോടെ അടയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.