മനാമ: ഇന്ത്യൻ സ്കൂൾ ഇത്രയേറെ സാമ്പത്തിക പ്രതിസന്ധിയിലാകാൻ കാരണം നിലവില്‍ രക്ഷിതാക്കളല്ലാത്ത ഭരണസമിതിയുടെ അശ്രദ്ധയും തെറ്റായ സമീപനങ്ങളുമാണെന്ന് യുനൈറ്റഡ് പാരന്റ്സ് പാനൽ (യു.പി.പി) വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഇതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആ സ്ഥാനങ്ങളില്‍നിന്ന് ബന്ധപ്പെട്ടവര്‍ എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകണം. സ്കൂളിന്റെ വിദ്യാഭ്യാസ നിലവാരവും പിന്നോട്ടുപോയിരിക്കുകയാണ്. പാഠഭാഗങ്ങൾ പഠിപ്പിച്ചുതീരാത്തതുമൂലം മുഴുവൻ കുട്ടികളും സ്വകാര്യ ട്യൂഷനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. 2015 മുതൽ 2023വരെ ഫീസ് കൂട്ടി പിരിച്ചെടുത്ത 40 ലക്ഷത്തോളം ദീനാർ എന്തിനുവേണ്ടി ചെലവഴിച്ചു എന്നറിയില്ല. എന്നിട്ടും അധ്യാപകർക്കും ജീവനക്കാർക്കും ന്യായമായ ശമ്പള വർധന നൽകിയിട്ടില്ല. രക്ഷിതാക്കളല്ലാത്തവല്ലാരാണ് ഇപ്പോൾ ഭരണസമിതിയിലുള്ളത്.
കോവിഡ് കാലത്തിന്റെ ആനുകൂല്യത്തിലാണ് കാലാവധി കഴിഞ്ഞ ഭരണസമിതി തുടരുന്നത്. കോവിഡ് കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് നടത്തുന്നില്ല. അഞ്ചു വർഷത്തിലേറെയായി വാർഷിക ജനറൽ ബോഡിയിൽ രക്ഷിതാക്കളുടെ അഭിപ്രായങ്ങൾക്കും വാക്കുകൾക്കും വില കൽപിക്കുന്നില്ല. ഓഡിറ്റ് ചെയ്ത ഫിനാൻഷ്യൽ റിപ്പോർട്ടിൽ രക്ഷിതാക്കളെ ചർച്ചക്ക് അനുവദിക്കാതെ കമ്മിറ്റിയംഗങ്ങൾ തന്നെ അവതരിപ്പിക്കുകയും അംഗീകരിക്കുകയും കൈയടിച്ച് പാസാക്കുകയും ചെയ്യുകയാണ്.
ഫെയർ ടിക്കറ്റിലെ ക്രമക്കേടുകളിൽ പൊതു സമൂഹത്തിനുണ്ടായ ആശയക്കുഴപ്പം പരിഹരിക്കാനും തയാറാകുന്നില്ലെന്നും യു.പി.പി ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തില്‍ യു.പി.പി ചെയര്മാന് എബ്രഹാം ജോൺ, ബിജു ജോർജ്, ഹരീഷ് നായർ, സുരേഷ് സുബ്രമണ്യം, ഫൈസൽ എഫ്.എം, ജ്യോതിഷ് പണിക്കർ, ദീപക് മേനോൻ, ജോൺ ബോസ്കോ, അൻവർ ശൂരനാട്, ജോൺ തരകൻ, മോഹൻ നൂറനാട്, സെയ്ദ് ഹനീഫ് എന്നിവര്‍ പങ്കെടുത്തു. മോനി ഒടിക്കണ്ടത്തിൽ, അനിൽ യു.കെ, ജോർജ് മാത്യു, അജി ജോർജ്, തോമസ് ഫിലിപ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.