മനാമ: ചൂട് കനത്തതോടെ ബഹ്റൈനിൽ രണ്ട് മാസത്തെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു. നിയമം ജൂലൈ ഒന്ന് മുതൽ നടപ്പിലാകും. ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ഉച്ചക്ക് 12 മുതൽ വൈകീട്ട് നാലുവരെ പുറംജോലികൾ വിലക്കിയ ഉത്തരവാണ് തൊഴിൽ, സാമൂഹികക്ഷേമ മന്ത്രാലയം പ്രഖ്യാപിച്ചത്.
പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് എല്ലാവർഷവും ഉച്ചവിശ്രമനിയമം നടപ്പാക്കാറുണ്ട്. സൂര്യാതപത്തിൽനിന്നും വേനൽക്കാല രോഗങ്ങളിൽനിന്നും തൊഴിലാളികൾക്ക് സംരക്ഷണം നൽകാനാണ് നടപടി. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിലന്തരീക്ഷം ഒരുക്കി മനുഷ്യാവകാശ തത്ത്വങ്ങൾ പാലിക്കുന്നതിെൻറ ഭാഗമായാണ് തൊഴിൽമന്ത്രാലയം ഉച്ചവിശ്രമനിയമം ഏർപ്പെടുത്തിയത്. നിയമം വീഴ്ചകൂടാതെ നടപ്പാക്കുന്നതിെൻറ ഭാഗമായി തൊഴിലുടമകൾക്കും തൊഴിലാളികൾക്കും വേണ്ടി ബോധവത്കരണവും തൊഴിൽമന്ത്രാലയം ആരംഭിച്ചു.
വേനലുമായി ബന്ധപ്പെട്ട അസുഖങ്ങളിൽനിന്നും തൊഴിലിടങ്ങളിലെ അപകടങ്ങളിൽനിന്നും തൊഴിലാളികൾക്ക് സംരക്ഷണം നൽകാൻ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കായി വെർച്വൽ ശിൽപശാലയും സംഘടിപ്പിച്ചു.
തൊഴിലാളികൾക്ക് സുരക്ഷിതമായ തൊഴിലന്തരീക്ഷം ഒരുക്കുന്നതിൽ ബഹ്റൈൻ എന്നും മുൻനിരയിലാണെന്ന് തൊഴിൽ, സാമൂഹികക്ഷേമ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ പറഞ്ഞു. ഇൗ ലക്ഷ്യം നേടാനുള്ള ഏറ്റവും മികച്ച മാർഗങ്ങളിലൊന്നാണ് ഉച്ചവിശ്രമ നിയമം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വേനൽക്കാല രോഗങ്ങളെക്കുറിച്ച് തൊഴിലാളികളെ ബോധവത്കരിക്കാൻ അദ്ദേഹം സ്വകാര്യ മേഖലാ സ്ഥാപനങ്ങളോട് ആഹ്വാനംചെയ്തു. കഴിഞ്ഞ വർഷങ്ങളിൽ നിയമം നടപ്പാക്കുന്നതിൽ സഹകരിച്ച സ്വകാര്യമേഖലയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
അതേസമയം, ഉച്ചവിശ്രമ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. മൂന്ന് മാസത്തിൽ കൂടാത്ത ജയിൽ ശിക്ഷയോ 500 മുതൽ 1000 ദിനാർ വരെ പിഴയോ രണ്ടും കൂടിയോ ആണ് ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.