മനാമ: കോവിഡിെൻറ പുതിയ വകഭേദം ചില രാഷ്ട്രങ്ങളിൽ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് മന്ത്രിസഭ യോഗം ചർച്ച ചെയ്തു. പുതിയ വകഭേദം ബഹ്റൈനിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, കോവിഡ് പ്രതിരോധ സമിതി ആവശ്യമായ മുൻകരുതൽ നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കണമെന്ന് മന്ത്രിസഭ നിർദേശിച്ചു. കോവിഡ് മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന ബഹ്റൈനിലെ ജനങ്ങൾ വലിയ മാതൃകയാണെന്നും യോഗം വിലയിരുത്തി. വനിത ശാക്തീകരണ മേഖലയിൽ പുതുചരിത്രം രചിക്കാൻ ബഹ്റൈന് സാധിച്ചതായി മന്ത്രിസഭ യോഗം വിലയിരുത്തി.
ഡിസംബർ ഒന്ന് ദേശീയ വനിത ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ വനിതകളുടെ ഉന്നമനത്തിനും വളർച്ചക്കും അവസര സമത്വം ഉറപ്പാക്കാനുമായി വിവിധ പദ്ധതികൾ തയാറാക്കി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബഹ്റൈൻ വനിത സുപ്രീം കൗൺസിലിനും അതിന് നേതൃത്വം വഹിക്കുന്ന രാജപത്നി പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫക്കും മന്ത്രിസഭ ആശംസകൾ നേർന്നു. ജോർഡൻ ഭരണാധികാരി അബ്ദുല്ല രണ്ടാമൻ രാജാവുമായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നടത്തിയ ചർച്ച ഇരുരാജ്യങ്ങളും തമ്മിൽ കൂടുതൽ അടുക്കുന്നതിനും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനും കാരണമാകുമെന്ന് കാബിനറ്റ് അഭിപ്രായപ്പെട്ടു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ യു.എ.ഇ സന്ദർശനത്തെക്കുറിച്ച് ചർച്ച ചെയ്തു. ദുബൈ എക്സ്പോയിലെ ബഹ്റൈൻ പവിലിയൻ അദ്ദേഹം സന്ദർശിച്ചതും യു.എ.ഇ ദേശീയ ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കുത്തതും വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതും ശ്രദ്ധേയമായതായി വിലയിരുത്തി. സാമ്പത്തിക ഉത്തേജന പദ്ധതി പ്രകാരം മുൻഗണനാടിസ്ഥാനത്തിൽ വിവിധ മേഖലകളുടെ വികസനത്തിനുള്ള പദ്ധതികൾ ഹമദ് രാജാവ് പ്രഖ്യാപിച്ചതിനെ മന്ത്രിസഭ സ്വാഗതം ചെയ്തു. സാമ്പത്തിക ഉത്തേജന പദ്ധതികൾ ഊർജിതപ്പെടുത്തുന്നതിന് ശക്തമായ ശ്രമമുണ്ടാകണമെന്നും അഭിപ്രായമുയർന്നു.
ബഹ്റൈനും ദക്ഷിണ കൊറിയയും തമ്മിൽ സിവിൽ സർവിസ് മേഖലയിൽ സഹകരിക്കാനുള്ള കരാറിൽ ഒപ്പുവെക്കാൻ കാബിനറ്റ് അംഗീകാരം നൽകി. സിവിൽ ഡിഫൻസ് വിഭാഗത്തിലെ ചില സേവനങ്ങൾ ഓൺലൈനാക്കുന്നതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവെച്ച നിർദേശത്തിനും അംഗീകാരമായി. കെട്ടിട നിർമാണ അനുമതി ഒരു വർഷത്തേക്ക് നീട്ടി നൽകാനുള്ള പൊതുമരാമത്ത്, മുനിസിപ്പൽ, നഗരാസൂത്രണകാര്യ മന്ത്രിയുടെ നിർദേശത്തിന് അംഗീകാരം നൽകി. അനുമതി ലഭിച്ച പദ്ധതികളിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നവക്കാണ് ഇളവ് ലഭിക്കുക. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു മന്ത്രിസഭ യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.