കുട്ടിക്കാലത്തെ ഓണ നാളുകളിൽ ഏറ്റവും സന്തോഷിച്ചിരുന്നത് ഊഞ്ഞാലാട്ടത്തിലാണ്. തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി ടൗണിലെ മാരിയമ്മൻ കോവിലിനടുത്തായിരുന്നു ഞങ്ങളുടെ വീട്. അമ്മൂമ്മയും അമ്മയും വല്യമ്മയും ഇളയമ്മമാരും അമ്മാവന്മാരും ഒന്നിച്ചു താമസിച്ചിരുന്ന കൂട്ടുകുടുംബം.അമ്മയും ഇളയമ്മമാരും ഒക്കെ അധ്യാപകരായതുകൊണ്ടും വടക്കാഞ്ചേരിയിലും പരിസരത്തുമുള്ള സ്കൂളുകളിൽ ജോലി ചെയ്തിരുന്നതുകൊണ്ടും എല്ലാവരും തറവാട്ടിൽ ഒന്നിച്ചാണ് താമസിച്ചിരുന്നത്. അവർ ജോലിക്ക് പോയിക്കഴിഞ്ഞാൽ അമ്മൂമ്മയാണ് ഞങ്ങൾ കുട്ടികളെ നോക്കിയിരുന്നത്. ഓണമായാൽ അമ്മാവൻ വീട്ടുവളപ്പിൽ മാവിൻ ചുവട്ടിൽ ഊഞ്ഞാൽ കെട്ടിത്തരും.
കൂട്ടത്തിൽ മുതിർന്ന പെൺകുട്ടി എന്ന നിലയിൽ എനിക്കാണ് ആദ്യത്തെ ഊഴം. ഊഞ്ഞാലാടുന്നത് ഭയങ്കര ഇഷ്ടമായതുകൊണ്ട് ഞാൻ തിരിച്ചിറങ്ങാൻ കൂട്ടാക്കില്ല. ആ ദേഷ്യത്തിന് അനിയത്തിമാരും മറ്റു കുട്ടികളും എന്നെ ഉയരത്തിലേക്ക് ആട്ടി വിടും. ഒരിക്കൽ ഞാൻ പേടിച്ച് അലറിക്കരഞ്ഞപ്പോൾ അമ്മൂമ്മ വന്ന് എല്ലാവരെയും വഴക്കുപറഞ്ഞത് ഓർക്കുന്നു. എല്ലാ ഓണത്തിനും ഞങ്ങൾ കുട്ടികൾക്ക് അമ്മൂമ്മയാണ് ഓണക്കോടിയായി ഉടുപ്പും പട്ടുപാവാടയുമൊക്കെ വാങ്ങിത്തരുന്നത്. പൂക്കളമിടുന്നതിനായി ഞങ്ങൾ കുട്ടികൾ ഇടവഴികളിലൂടെ നടന്ന് വേലിപ്പടർപ്പുകൾക്കിടയിൽ നിന്ന് തുമ്പപ്പൂവും ചെമ്പരത്തിയും ചെത്തിയും മന്ദാരവും ഒക്കെ പൊട്ടിക്കും. എല്ലാവരും കൂടി നടുമുറ്റത്ത് ഏറ്റവും വലിയ പൂക്കളമിട്ടശേഷം അയൽ വീടുകളിലെ പൂക്കളങ്ങൾ കാണാൻ പോകും. എല്ലാവരും മത്സരിച്ചാണ് പൂക്കളം ഒരുക്കുന്നത്.
ഓണത്തിന്റെ തലേ ദിവസം മുതൽ എല്ലാവരും കൂടി ഓണസദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങും. ഓണത്തലേന്ന് ഉപ്പേരി വറുക്കുന്നത് ഒരു സ്പെഷൽ ചടങ്ങായിരുന്നു.
ഓണസദ്യക്ക് അമ്മയുണ്ടാക്കുന്ന പുളിയിഞ്ചിയുടെ സ്വാദ് ഇന്നും നാവിലുണ്ട്. സമൃദ്ധമായ കുട്ടിക്കാലത്തെ ഓണം തന്നെയാണ് ഇന്നും ഓർമകളിലെ പ്രിയപ്പെട്ട ഓണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.