മനാമ: ബഹ്റൈനിലേക്ക് വരുന്നവർക്കുള്ള യാത്ര നിബന്ധനകൾ പുതുക്കി. പുതിയ നിബന്ധനകൾ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും. കോവിഡ് പ്രതിരോധ മെഡിക്കൽ സമിതി അംഗവും ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയുമായ ഡോ. വലീദ് അൽ മാനിഅ് ആണ് ഇക്കാര്യം അറിയിച്ചത്. ബഹ്റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് ഞായറാഴ്ച മുതൽ ഒരു പി.സി.ആർ ടെസ്റ്റ് മാത്രമാണുണ്ടാവുക. ഇതിനായി 12 ദീനാർ അടച്ചാൽ മതിയാകും.
ഇതുവരെ മൂന്ന് പി.സി.ആർ ടെസ്റ്റുകൾക്ക് 36 ദീനാർ ഫീസ് അടക്കണമായിരുന്നു. എല്ലാ യാത്രക്കാരും യാത്ര പുറപ്പെടുന്നതിന് മുമ്പ് 72 മണിക്കൂറിനുള്ളിലെ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഇത് ബാധകമാണ്. വാക്സിൻ എടുക്കാത്ത 12 വയസ്സിന് മുകളിലുള്ള യാത്രക്കാർ താമസസ്ഥലത്ത് 10 ദിവസത്തെ ക്വാറന്റീനിൽ കഴിയണം.
പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളുള്ളവർക്കും കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നവർക്കും പി.സി.ആർ ടെസ്റ്റ് കൂടുതലായി നടത്താനും തീരുമാനിച്ചു. ഇത്തരം ലക്ഷണങ്ങളുള്ളവർ ഉടൻ കോവിഡ് പരിശോധനക്ക് വിധേയരാകണം. റാപിഡ് ടെസ്റ്റിൽ പോസിറ്റിവാകുന്നവരും ഉടൻ പി.സി.ആർ ടെസ്റ്റ് നടത്തണം. ഇതോടൊപ്പം, പ്രധാന തൊഴിൽ മേഖലകളിലെ ജീവനക്കാർക്ക് റാപിഡ് കോവിഡ് ടെസ്റ്റും ഊർജിതമാക്കും. ട്രാഫിക് ലൈറ്റ് ജാഗ്രത സംവിധാനം മാറുന്നത് ഐ.സി.യുവിൽ കഴിയുന്ന രോഗികളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയായിരിക്കും.
14 ദിവസത്തെ പ്രതിദിന ശരാശരി അമ്പതിൽ താഴെയാണെങ്കിൽ ഗ്രീൻ ലെവൽ ആയിരിക്കും ബാധകമാവുക. സമൂഹത്തിന്റെ ആരോഗ്യം ഉറപ്പു വരുത്തുന്നതിന് എല്ലാവരും വാക്സിൻ സ്വീകരിക്കാൻ സന്നദ്ധമാകണമെന്ന് കോവിഡ് പ്രതിരോധ മെഡിക്കൽ സമിതി അംഗം ഡോ. മനാഫ് അൽ ഖഹ്ത്താനി പറഞ്ഞു. വാക്സിൻ എടുക്കാൻ യോഗ്യരായവരിൽ 94 ശതമാനം പേർ ഇതിനകം വാക്സിൻ സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു. യോഗ്യരായവരിൽ 83 ശതമാനം പേർ ബൂസ്റ്റർ ഡോസ് സ്വീകരിക്കുകയും ചെയ്തു. കോവിഡ് പ്രതിരോധത്തിൽ ഇത് വലിയ പങ്കുവഹിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.