മനാമ: ‘ഗൾഫ് മാധ്യമ’വുമായി തുടക്കംമുതൽ അടുത്ത ബന്ധം കാത്തുസൂക്ഷിച്ച രാഷ്ട്രീയനേതാവും ഭരണാധികാരിയുമായിരുന്നു അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തന്റെ ഗൾഫ് സന്ദർശനവേളകളിലെല്ലാം അദ്ദേഹം ഗൾഫ് മാധ്യമം ഓഫിസ് സന്ദർശിക്കാൻ താൽപര്യം കാണിച്ചിരുന്നു. ഗൾഫ് നാടുകളിലെ മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസിസമൂഹം നേരിടുന്ന പ്രശ്നങ്ങളിൽ ഗൾഫ്മാധ്യമം സ്വീകരിക്കുന്ന നിലപാട് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് 2013ൽ ബഹ്റൈനിലെ ഗൾഫ് മാധ്യമം ഓഫിസ് സന്ദർശിക്കവെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. യു.എൻ പുരസ്കാരം ഏറ്റുവാങ്ങാനായിരുന്നു കേരള മുഖ്യമന്ത്രി എന്നനിലയിൽ അന്ന് അദ്ദേഹത്തിന്റെ ബഹ്റൈൻ സന്ദർശനം. പ്രവാസികളുടെ പ്രശ്നം ഉന്നയിക്കുക മാത്രമല്ല, അത് പരിഹരിക്കാനും ഒരു പത്രമെന്നനിലയിൽ ഗൾഫ് മാധ്യമം ശ്രദ്ധ കാണിക്കുന്നുണ്ടെന്നും ഇത് മാധ്യമങ്ങൾക്ക് മാതൃകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ബഹ്റൈനിലെ ഭരണാധികാരികൾ മലയാളി സമൂഹത്തെ വിലമതിക്കുന്നതായാണ് സന്ദർശന അനുഭവങ്ങളിലൂടെ മനസ്സിലായത്.
ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമായി മുന്നോട്ടുപോകുന്നതിൽ ഗൾഫ് മാധ്യമം വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
2017ലും തന്റെ ബഹ്റൈൻ സന്ദർശനവേളയിൽ അദ്ദേഹം മുഹറഖിലെ ഗൾഫ് മാധ്യമം ഓഫിസ് സന്ദർശിച്ചിരുന്നു. ഗൾഫ് മാധ്യമത്തിനും മീഡിയവണിനും മലയാളിയുടെ വാർത്താബോധത്തിൽ നിർണായക സ്ഥാനമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.