മനാമ: പ്രവാസി ഇന്ത്യക്കാരുടെ വിവിധ തൊഴിൽ, കോൺസുലാർ പരാതികളിൽ പരിഹാരം കാണുന്നതിന് ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു. ഐ.സി.ആർ.എഫ്, വേൾഡ് എൻ.ആർ.ഐ കൗൺസിൽ, ബഹ്റൈൻ കേരളീയ സമാജം, ഐ.എച്ച്.ആർ.സി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും ഓപൺ ഹൗസിൽ പങ്കെടുത്തു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസിയിൽ നടത്തിയ പതാക ഉയർത്തൽ ചടങ്ങിലും വൈകീട്ട് നടന്ന വിരുന്നിലും വലിയതോതിലുള്ള പങ്കാളിത്തമുണ്ടായതിൽ അംബാസർ പിയൂഷ് ശ്രീവാസ്ത സന്തോഷം പ്രകടിപ്പിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ അംബാസഡർ എം.സി.എസ്.സി ലേബർ ക്യാമ്പ് സന്ദർശിക്കുകയും 800ലധികം വരുന്ന ഇന്ത്യൻ തൊഴിലാളികളുമായും കമ്പനി മാനേജ്മെന്‍റുമായും സംവദിക്കുകയും ചെയ്തു. ജൗ ജയിൽ സന്ദർശിച്ച എംബസി ഉദ്യോഗസ്ഥർ അന്തേവാസികളുമായി സംസാരിക്കുകയും മധുരപലഹാരങ്ങൾ നൽകുകയും ചെയ്തു. ഇന്ത്യൻ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളിൽ പരിഹാരം കാണാൻ സഹായിച്ച ബഹ്റൈൻ തൊഴിൽ മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ), ഇമിഗ്രേഷൻ അധികൃതർ, ഇന്ത്യൻ അസോസിയേഷനുകൾ, വളന്റിയർമാർ തുടങ്ങിയവരെ അംബാസഡർ അഭിനന്ദിച്ചു.
അസിലോൺ കോൺട്രാക്ടിങ്, മാഗ്നം ഷിപ് കെയർ കമ്പനി എന്നിവയിലെ തൊഴിലാളികളുടെ ശമ്പളപ്രശ്നം പ്രാദേശിക അധികൃതരുടെ സഹായത്തോടെ ചർച്ച ചെയ്ത് പരിഹരിച്ചതായി അംബാസഡർ അറിയിച്ചു. ഈ കമ്പനികളിലെ 21 തൊഴിലാളികൾക്ക് ഇതുവഴി പ്രയോജനം ലഭിച്ചു. ബഹ്റൈനിൽ മരണപ്പെട്ട നിരവധി പേരുടെ കുടുംബങ്ങൾക്ക് എംബസിയുടെ ഇടപെടലിലൂടെ മരണാനന്തര സഹായം ലഭ്യമാക്കാനും സാധിച്ചു. 16 തടവുകാർക്ക് എമർജൻസി സർട്ടിഫിക്കറ്റ് നൽകുന്നതിന് ഇന്ത്യൻ കമ്യൂണിറ്റി ക്ഷേമനിധി (ഐ.സി.ഡബ്ല്യു.എഫ്) മുഖേന സാമ്പത്തിക സഹായം ലഭ്യമാക്കി. ഒരാൾക്ക് വിമാന ടിക്കറ്റും നൽകി. ഓപൺ ഹൗസിൽ സജീവമായി പങ്കെടുത്ത അസോസിയേഷൻ പ്രതിനിധികൾക്കും മറ്റുള്ളവർക്കും അംബാസഡർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.