പ്രതിഭ സംഘടിപ്പിച്ച കോടിയേരി അനുസ്മരണവും ആനത്തലവട്ടം ആനന്ദൻ അനുശോചന യോഗവും

കോടിയേരി അനുസ്മരണവും ആനത്തലവട്ടം ആനന്ദൻ അനുശോചന യോഗവും സംഘടിപ്പിച്ചു

മനാമ: പ്രതിഭ കോടിയേരി അനുസ്മരണവും ആനത്തലവട്ടം ആനന്ദൻ അനുശോചന യോഗവും സംഘടിപ്പിച്ചു. ബാംഗ് സാങ് തായ് റസ്റ്റാറന്റ് ഹാളിൽ സംഘടിപ്പിക്കപ്പെട്ട അനുസ്മരണ - അനുശോചന യോഗം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻ എം.പിയുമായ പി.കെ. ബിജു ഉദ്‌ഘാടനം ചെയ്തു.

നാടിന്റെ വികസനത്തിന് വ്യക്തമായ കാഴ്ചപ്പാടോടുകൂടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അസാധാരണമായ കാഴ്ചയുള്ള നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് പി.കെ. ബിജു അനുസ്മരിച്ചു. ആഭ്യന്തര വകുപ്പ് മന്ത്രിയായിരിക്കുമ്പോൾ കോടിയേരി പൊലീസ് സേനയെ നവീകരിക്കുന്നതിലും കൂടുതൽ ജനകീയമാക്കുന്നതിലും മുൻകൈയെടുത്ത ഭരണാധികാരി കൂടിയായിരുന്നു.

രാജ്യത്തെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന കൊടുക്കുന്നതിനുപകരം ജനജീവിതം ദുസ്സഹമാക്കുന്ന നയങ്ങളുമായാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ മുന്നോട്ടു പോകുന്നത്. അതോടൊപ്പമാണ്, കേരളത്തിലെ സാധാരണക്കാരും പാവപ്പെട്ടവരും ഉൾപ്പെടെ വലിയൊരു വിഭാഗത്തിന് ആശ്രയമായ സഹകരണ മേഖലയെ തകർക്കാൻ ബോധപൂർവമായ വലിയ ശ്രമം നടത്തുന്നത്.

ഇന്ന് കേന്ദ്ര സഹകരണ വകുപ്പ് മന്ത്രിയായ അമിത് ഷാ ഗുജറാത്ത് സഹകരണ വകുപ്പ് മന്ത്രിയായ കാലത്താണ് ഗുജറാത്ത് സംസ്ഥാനത്തിലെ സഹകരണ മേഖലയാകെ തകർത്ത് തരിപ്പണമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി അനുശോചന പ്രമേയം അവതരിപ്പിച്ചു.

പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ അധ്യക്ഷത വഹിച്ചു. പ്രതിഭ മുഖ്യരക്ഷാധികാരി ചുമതല വഹിക്കുന്ന ഷെരീഫ് കോഴിക്കോടും രക്ഷാധികാരി സമിതി അംഗം ഷീബ രാജീവനും സംസാരിച്ചു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.

Tags:    
News Summary - Organized-Kodiyeri commemoration and Ananthalavattam Anandan condolence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.