മനാമ: നാലു പതിറ്റാണ്ടിലേറെ സംഘടനയുടെ പ്രവർത്തനങ്ങളിൽ നേതൃപരമായ പങ്കുവഹിച്ച ഒ.വി. അബ്ദുല്ല ഹാജി(70)യുടെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി.
കോഴിക്കോട് ജില്ലയിലെ തുറയൂർ സ്വദേശിയായ ഒ.വി. അബ്ദുല്ല ഹാജി 1970കളിലാണ് ബഹ്റൈനിൽ എത്തിയത്. ചന്ദ്രിക റീഡേഴ്സ് ഫോറത്തിന്റെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം കെ.എം.സി.സി രൂപവത്കരണത്തിൽ മുഖ്യപങ്കുവഹിച്ചു.
ഈസ്റ്റ്-വെസ്റ്റ് റിഫ ഏരിയ കമ്മിറ്റികളിലും കോഴിക്കോട് ജില്ല കമ്മിറ്റിയിലും നേതൃപരമായ സേവനം കാഴ്ചവെച്ച അദ്ദേഹം കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന വൈസ് പ്രസിഡന്റ് പദവിയും അലങ്കരിച്ചു. ശുഭ്ര വസ്ത്രധാരിയായി ബഹ്റൈന്റെ എല്ലാ മേഖലകളിലും സംഘടനാ പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി പങ്കെടുത്തു.
മികച്ച സംഘാടകൻ എന്നതിനുപുറമെ അറിയപ്പെടുന്ന പ്രസംഗകനും കൂടിയായിരുന്നു അദ്ദേഹം.
അസുഖബാധിതനായി വിശ്രമജീവിതം നയിച്ചിരുന്ന ഒ.വി. അബ്ദുല്ല ഹാജി സഹപ്രവർത്തകരെ കാണുമ്പോൾ ബഹ്റൈനിലെ സംഘടന പ്രവർത്തനങ്ങളെക്കുറിച്ച് വാചാലനാവുമായിരുന്നു.
ഒ.വി. അബ്ദുല്ല ഹാജിയുടെ നിര്യാണത്തിൽ കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് എ. ഹബീബ് റഹ്മാൻ, ആക്ടിങ് ജനറൽ സെക്രട്ടറി ഒ.കെ. കാസിം എന്നിവർ അനുശോചനം രേഖപ്പെടുത്തി.
കെ.എം.സി.സി ബഹ്റൈൻ ഭാരവാഹികളായ കെ.യു. ലത്തീഫ്, എ.പി ഫൈസൽ, ടിപ്ടോപ് ഉസ്മാൻ, മുൻ ഭാരവാഹികളായ യൂസുഫ് കൊയിലാണ്ടി, ടി.പി. മുഹമ്മദലി, മമ്മി മൗലവി, തെന്നല മൊയ്തീൻ ഹാജി, ഇ.പി. മഹ്മൂദ് ഹാജി, അമ്മദ് ഹാജി ആയഞ്ചേരി, എം.എ. അബ്ദുല്ല, പി.ഹമീദ്, ഫദീല മൂസ ഹാജി, സി.കെ. ഉസ്മാൻ, നിസാർ പയ്യോളി, ആരണ്യ അബൂബക്കർ ഹാജി, കെ. അഹമ്മദ് തുടങ്ങിയവർ അദേഹത്തിന്റെ മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കുകയും വീട് സന്ദർശിച്ച് കുടുംബംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
ഭാര്യ: ഖദീജ. മക്കൾ: നഫീസ, ഫാത്തിമ, മുഹമ്മദ് ദാരിമി, അഫ്സത്ത്, ആഷിറ, അബ്ദുൽ മാജിദ്. മരുമക്കൾ: ശംസുദ്ധീൻ (ബഹ്റൈൻ), സലീം, നൗഫൽ (സൗദി), നൗഷാദ് (ഖത്തർ), ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.