മനാമ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തിൽ പരാജയ ഭീതി മൂലം സർക്കാർ സംവിധാനങ്ങൾ ദുർവിനിയോഗം ചെയ്ത് ഐക്യ ജനാധിപത്യ മുന്നണിയെയും, യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെയും അപമാനിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ബഹ്റൈൻ കെ.എം.സി.സിയും, ഒ.ഐ.സി.സിയും സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതൽ ഇടതു മുന്നണി വലിയ പരാജയമാണ് മുന്നിൽ കാണുന്നത്. അതുകൊണ്ട് പാർട്ടി മാറി വന്ന ആൾക്ക് സീറ്റ് കൊടുക്കുകയും, പരാജയം സംഭവിച്ചാൽ അത് അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ടാണ് സംഭവിച്ചതെന്ന് പറയാനുമാണ് ഇതുവരെ ശ്രമിച്ചത്. ജനങ്ങളുടെ ഇടയിൽ ഇറങ്ങിയപ്പോഴാണ് പരാജയത്തിന്റെ ആഴം മനസ്സിലാക്കാൻ സാധിച്ചത്, നാളിതുവരെ ഉണ്ടാകാത്ത വോട്ട് ചോർച്ചയുണ്ടായാൽ അത് സംസ്ഥാന സർക്കാറിന് എതിരെയുള്ള തെരഞ്ഞെടുപ്പ് വിധിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് എൽ.ഡി.എഫ് സ്ഥാനാർഥി ബി.ജെ.പി യിലേക്ക് കാലുമാറാനും സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ് സംസ്ഥാന സർക്കാർ നേരിട്ട് ഇടപെട്ടുകൊണ്ട് യു.ഡി.എഫിന്റെ വനിതാ നേതാക്കൾ അടക്കം താമസിക്കുന്ന മുറികളിൽ പാതിരാത്രി ഒരു മുന്നറിയിപ്പും കൂടാതെ റെയ്ഡെന്ന് പറഞ്ഞു കൊണ്ട് അതിക്രമിച്ചു കടന്നത്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരവധി പ്രശ്നങ്ങളിൽനിന്ന് ഒളിച്ചോടാനാണ് ഇതുപോലെയുള്ള റെയ്ഡ് നാടകങ്ങൾ അരങ്ങേറുന്നതെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.