മനാമ: പ്രവാസിയുടെ മനസ്സിൽ സദാ നിറഞ്ഞുപെയ്യുന്ന ഗൃഹാതുരത്വ ബോധങ്ങളിൽ ഒന്നാണ് പത്രം. പ്രവാസത്തിലേക്ക് ചേക്കേറിയവരുടെ കണ്മുന്നിൽ കാണുന്ന മലയാള അക്ഷരംപോലും ഗൃഹാതുരത്വത്തെ ഉണർത്താൻ പോന്നതാണ്.ഈ കാലയളവിൽ പ്രവാസ ലോകത്തേക്ക് പൊതിഞ്ഞുകെട്ടി കൊണ്ടുവരുന്ന പഴയ പത്രങ്ങൾ, പുസ്തകത്താളുകൾ തുടങ്ങിയവ ആർത്തിയോടെ വായിക്കുകയും തലയണക്കു കീഴിലോ സുരക്ഷിതമായി മേശവലിപ്പിലോ ഇടംനേടിയിരുന്നു.
പിന്നീട് ഏറെ കഴിഞ്ഞതിനുശേഷമാണ് ദിവസങ്ങൾ പഴക്കമുള്ള പത്രങ്ങൾ ദിനപത്രങ്ങളായി പലരുടെയും കൈകളിൽ എത്തിയത്. കാൽ നൂറ്റാണ്ട് പിന്നിടുന്ന ഗൾഫ് മാധ്യമം ഗൃഹാന്തരീക്ഷത്തിലേക്ക് പ്രവാസിയെ തിരിച്ചുകൊണ്ടുപോയി എന്ന് മാത്രമല്ല, നാടുമായുള്ള ദൂരം വലിയൊരളവിൽ കുറച്ചു എന്നതും ശ്രദ്ധേയമായ ഒന്നാണ്.ഗള്‍ഫിലെ ഒട്ടുമിക്ക രാജ്യങ്ങളിലും എഡിഷനുകൾ ഉള്ളതുകൊണ്ട് പ്രവാസിയുടെ സ്ഥൂലവും സൂക്ഷ്മവുമായ വിഷയങ്ങളെ ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ കഴിയുന്നു എന്നത് ഗൾഫ് മാധ്യമത്തിന് മാത്രമുള്ള നേട്ടമാണ്.
കല, സാഹിത്യം, പാചകം തുടങ്ങിയ മേഖലകളിലെ ആവിഷ്കാരങ്ങൾക്ക് ഇടമൊരുക്കാനും വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ രംഗങ്ങളിൽ നൂതന കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനും ഗൾഫ് മാധ്യമത്തിന് കഴിഞ്ഞിട്ടുണ്ട്.
പ്രവാസിയെ അപകടപ്പെടുത്തുന്ന പലിശ, ലഹരി, തൊഴിൽ മേഖലയിലെ ചതിക്കുഴികൾ, മനുഷ്യക്കടത്ത് തുടങ്ങിയവയിലെ മുന്നറിയിപ്പുകളും വാർത്തകളും വലിയൊരളവോളം പ്രവാസിയെ ജാഗ്രത പാലിക്കാൻ സഹായിച്ചിട്ടുണ്ട്. മാഞ്ഞുപോകുന്ന മാനുഷിക മൂല്യങ്ങളുടെ കാവലാളുകളാവാൻ എന്നും മാധ്യമത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.