മനാമ: സർക്കാർ സർവിസിൽ വിദേശികളെ നിയമിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തുന്നതടക്കം സിവിൽ സർവിസ് നിയമത്തിൽ മാറ്റംവരുത്താനുള്ള ശിപാർശ പാർലമെന്ററി കമ്മിറ്റി അംഗീകരിച്ചു. നിയമനിർമാണ, നിയമകാര്യ സമിതിയും ഈ ശിപാർശ അംഗീകരിച്ചിരുന്നു. അനുയോജ്യരായ ബഹ്റൈൻ ഉദ്യോഗാർഥികൾ ലഭ്യമല്ലെങ്കിൽ മാത്രമേ പ്രവാസികളെ നിയമിക്കാവൂ എന്ന തരത്തിൽ സിവിൽ സർവിസ് നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.
വിദേശികളുടെ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ കരാറുകൾ എന്നിവയിൽ കർശനമായ വ്യവസ്ഥകൾ ഏർപ്പെടുത്തുമെന്നും നിയമഭേദഗതി വ്യവസ്ഥ ചെയ്യുന്നു. വിദേശിയായ ഉദ്യോഗാർഥിക്ക് ജോലി നൽകണമെങ്കിൽ അയാൾക്ക് തന്റെ സ്പെഷലൈസേഷൻ മേഖലയിൽ കുറഞ്ഞത് 10 വർഷത്തെ പരിചയമുണ്ടായിരിക്കണം. മാത്രമല്ല, കുറഞ്ഞത് ബിരുദാനന്തര ബിരുദം നേടിയിരിക്കണമെന്നും വ്യവസ്ഥ ചെയ്യും. വിദേശികളുമായുള്ള തൊഴിൽ കരാറുകൾ പരമാവധി രണ്ടു വർഷത്തേക്കായിരിക്കണമെന്നും ശിപാർശയിലുണ്ട്. കരാർ പുതുക്കണമെങ്കിൽ അനുയോജ്യമായ ബഹ്റൈൻ ഉദ്യോഗാർഥി ലഭ്യമല്ലെന്ന് ഉറപ്പുവരുത്തണം. സിവിൽ സർവിസസ് ബ്യൂറോ രൂപവത്കരിച്ച കമ്മിറ്റിയുടെ അംഗീകാരത്തോടെയായിരിക്കണം തൊഴിൽ സ്ഥിരപ്പെടുത്തേണ്ടത്.
അനുയോജ്യമായ ബഹ്റൈൻ ഉദ്യോഗാർഥിയെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ മാത്രമാണ് വിദേശികളെ റിക്രൂട്ട് ചെയ്യേണ്ടത്. ബഹ്റൈനികളായ ജീവനക്കാർക്ക് അവർ യോഗ്യത നേടുന്നതുവരെ പരിശീലനം നൽകുക എന്നതാണ് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന വിദേശിയുടെ കടമ എന്ന് കരാറുകളിൽ വ്യക്തമാക്കണമെന്നും സിവിൽ സർവിസസ് ബ്യൂറോ നിഷ്കർഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.