മനാമ: പ്രഥമ അന്താരാഷ്ട്ര തീവ്രവാദവിരുദ്ധ സമ്മേളനത്തിൽ ബഹ്റൈൻ പാർലമെൻറ് അധ്യക്ഷ ഫൗസിയ ബിൻത് സൈനൽ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള സംഘം സംബന്ധിച്ചു. യു.എൻ തീവ്രവാദ വിരുദ്ധ ഓഫിസ്, യു.എൻ ലഹരി, അക്രമവിരുദ്ധ ഓഫിസ്, അന്താരാഷ്ട്ര പാർലമെൻറ് യൂനിയൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിയന്നയിൽ ചേർന്ന സമ്മേളനത്തെ സൈനൽ അഭിസംബോധന ചെയ്തു.
തീവ്രവാദവിരുദ്ധ പോരാട്ടം ശക്തമാക്കാൻ നിയമങ്ങൾ പരിഷ്കരിക്കേണ്ടതുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. തീവ്രവാദത്തിലേക്ക് നയിക്കുന്ന എല്ലാ പഴുതുകളും അടക്കുന്ന മെച്ചപ്പെട്ട നിയമമാണ് ബഹ്റൈനിലുള്ളത്. അക്രമത്തിനും തീവ്രവാദത്തിനും പ്രേരണ നൽകുന്ന പ്രസംഗങ്ങളും പ്രസ്താവനകളുമടക്കം നിയന്ത്രിച്ചാണ് മുന്നോട്ടുപോകുന്നത്. പാർലമെൻറുകൾ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അവർ ആവശ്യപ്പെട്ടു. വിവിധ മതങ്ങൾക്കും ആശയങ്ങൾക്കും ഒരുപോലെ നിലനിൽക്കാനും സൗമനസ്യത്തോടെയുള്ള സൗഹൃദം സാധ്യമാക്കാനുമാണ് ബഹ്റൈൻ ശ്രമിക്കുന്നത്. വിഭാഗീയതയും മതസ്പർധയും ഒരുനിലക്കും അംഗീകരിക്കാത്ത നിലപാടാണ് ബഹ്റൈൻ ജനതക്കുള്ളത്. മതത്തിനും രാജ്യത്തിനും വർഗത്തിനും അപ്പുറം മനുഷ്യരെ ഒന്നായി കാണുന്ന നിലപാടാണ് എന്നും ബഹ്റൈേൻറതെന്നും അതിന് വിരുദ്ധമായ എല്ലാ തീവ്രവാദ ചിന്താഗതിയേയും തള്ളിക്കളയുന്നതായും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.