മനാമ: ബഹ്റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മയായ പത്തനംതിട്ട പ്രവാസി അസോസിയേഷന്റെ രണ്ടാം വാർഷികവും ബഹ്റൈൻ ദേശീയദിനാഘോഷവും വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. പത്തനംതിട്ട എം.പി ആന്റോ ആൻറണി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ കഷ്ടപ്പാടും വിയർപ്പുമാണ് കേരളത്തെ മുന്നോട്ടുനയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് രക്ഷകരായി നിന്ന നഴ്സുമാരെ ആദരിക്കാൻ പത്തനംതിട്ട പ്രവാസി അസോസിയേഷൻ കാണിച്ച മനസ്സ് അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നഴ്സുമാരെയും ബഹ്റൈനിലെ പത്തനംതിട്ടയുടെ സ്വന്തം എഴുത്തുകാരൻ ബിജി തോമസിനെയും വിവിധ മേഖലകളിൽ പ്രതിഭകൾ തെളിയിച്ച അസോസിയേഷൻ അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.
ബഹ്റൈൻ മാർത്തോമ ഇടവക സഹവികാരി ഫാ. ബിബിൻസ് ഓമനാലി ക്രിസ്മസ്, പുതുവത്സര സന്ദേശം നൽകി.
അസോസിയേഷൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി സമാഹരിച്ച തുക ആന്റോ ആൻറണി എം.പിയിൽനിന്ന് ചാരിറ്റി കോഓഡിനേറ്റർ ജയേഷ് കുറുപ്പ് ഏറ്റുവാങ്ങി.
പത്തനംതിട്ടയുടെ തനത് കലാരൂപമായ പടയണി വ്യത്യസ്തമായ അനുഭവമാണ് ആസ്വാദകർക്ക് നൽകിയത്. ക്രിസ്മസ് കരോൾ, കുട്ടികളുടെ വിവിധ കലാപരിപാടികൾ, നാടൻപാട്ട്, മാജിക് ഷോ തുടങ്ങിയ വൈവിധ്യമായ പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. പ്രസിഡന്റ് വിഷ്ണു കലഞ്ഞൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സുഭാഷ് തോമസ് അങ്ങാടിക്കൽ സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ ബോബി പുളിമൂട്ടിൽ നന്ദിയും പറഞ്ഞു.
അസോസിയേഷൻ പ്രവർത്തന റിപ്പോർട്ട് രക്ഷാധികാരി മോനി ഒടികണ്ടത്തിൽ അവതരിപ്പിച്ചു. ഡോ. ബാബു രാമചന്ദ്രൻ, കെ.എം. ചെറിയാൻ, എബ്രഹാം ജോൺ, രാജു കല്ലുംപുറം, പ്രവീൺ നായർ, പ്രദീപ് പുറവൻകര എന്നിവർ ആശംസകളർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.