ഇന്ത്യന്‍ സമൂഹത്തോട് കരുതൽ കാട്ടിയ ഭരണാധികാരിയായിരുന്നു ബഹ്‌റൈന്‍ പ്രധാനമന്ത്രി -പിണറായി വിജയന്‍

മനാമ: ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അര നൂറ്റാണ്ടോളം ബഹ്‌റൈന് നേതൃത്വം നല്‍കിയ അദ്ദേഹം ഇന്ത്യയുമായി വളരെ അടുപ്പം പുലര്‍ത്തിയ നേതാവായിരുന്നു. ബഹ്‌റൈനിലെ മലയാളികളടക്കമുള്ള ഇന്ത്യന്‍ സമൂഹത്തോട് അദ്ദേഹത്തിന് പ്രത്യേക കരുതലുണ്ടായിരുന്നു. ചുരുങ്ങിവരുന്ന എണ്ണവരുമാനം മാത്രം ആശ്രയിക്കാതെ, മറ്റു വരുമാനസ്രോതസ്സുകള്‍ കണ്ടെത്തി ഈ കൊച്ചുരാഷ്ട്രത്തെ വികസനത്തിലേക്കും ആധുനികവത്ക്കരണത്തിലേക്കും നയിക്കുന്നതില്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ വഹിച്ച പങ്ക് നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2017ല്‍ ബഹ്‌റൈനില്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിച്ചിരുന്നു. ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന മലയാളികളുടെ കഠിനാധ്വാനത്തെയും സത്യസന്ധതയെയും അദ്ദേഹം ആ വേളയില്‍ പ്രശംസിച്ചത് ഓര്‍ക്കുന്നു. തനിക്ക് കീഴില്‍ 2000ലേറെ മലയാളികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് ഓര്‍മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിദ്യാഭ്യാസം, ടൂറിസം, ആയുര്‍വേദം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കേരളവുമായി കൂടുതല്‍ സഹകരിക്കാനുള്ള താത്പര്യം അദ്ദേഹം അന്ന് പ്രകടിപ്പിച്ചതും മുഖ്യമന്ത്രി അനുസ്​മരിച്ചു.

Tags:    
News Summary - pinarayi vijayan expresses condolences on sad demise of bahrain prime minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.