മനാമ: കേരള സംസ്ഥാന സർക്കാറിന്റെ സാംസ്കാരിക വകുപ്പിനു കീഴിലെ മലയാളം മിഷന്റെ മാർഗ നിർദേശാനുസരണം പ്രവർത്തിക്കുന്ന, ബഹ്റൈൻ പ്രതിഭ മലയാളം പാഠശാല കേരളപ്പിറവി ദിനാഘോഷം സൽമാനിയയിലുള്ള പ്രതിഭ സെന്ററിൽവെച്ച് വിപുലമായ രീതിയിൽ സംഘടിപ്പിച്ചു.
‘കേരള പര്യടനം' എന്ന പേരിൽ ബഹ്റൈനിലെ മുഴുവൻ പാഠശാലകളിലെയും വിദ്യാർഥികളും രക്ഷിതാക്കളുമടങ്ങുന്ന ടീമുകൾക്കായി നടത്തിയ ഫാമിലി ക്വിസ് മത്സരം നടന്നു. അനീഷ് നിർമലൻ ക്വിസ് മാസ്റ്ററായ മത്സരത്തിൽ ബി.കെ.എസ് മലയാളം പാഠശാല വിദ്യാർഥികളായ പൗർണമി ബോബി ആൻഡ് ശ്രീജ ബോബി, മേധ മുകേഷ് ആൻഡ് മുകേഷ് കിഴക്കേ മാങ്ങാട്ടില്ലം എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
പ്രതിഭ മലയാളം പാഠശാലയിലെ ഡാരിയ റോസ് ആൻഡ് ഡിന്റോ ഡേവിഡ് എന്നിവർക്കാണ് മൂന്നാംസ്ഥാനം. പ്രാഥമിക റൗണ്ടായ എഴുത്തു പരീക്ഷയിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട ആറു ടീമുകൾ അണിനിരന്ന അതിശക്തമായ അഞ്ചു റൗണ്ട് മത്സരങ്ങളിൽനിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.ഭാഷ പ്രതിജ്ഞയോടുകൂടി തുടങ്ങിയ ചടങ്ങിന് പ്രതിഭ പാഠശാല കൺവീനർ ബാബു വി.ടി. സ്വാഗതം പറഞ്ഞു.
പാഠശാല കോഓഡിനേറ്ററും പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗവുമായ പ്രദീപ് പതേരി അധ്യക്ഷത വഹിച്ചു. ലോക കേരളസഭാ അംഗവും പ്രതിഭ രക്ഷാധികാരി സമിതി അംഗവുമായ സി.വി.നാരായണൻ പരിപാടി ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാനത്തിന്റെ പിറവിയും, പിന്നിട്ട ചരിത്ര വഴികളും, ഇന്ന് കാണുന്ന കേരളം ഉണ്ടാക്കിയതിൽ നവോത്ഥാന നായകർക്കുള്ള പങ്കിനെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു.
ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ, വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
പ്രോഗ്രാം കൺവീനർ ജയേഷ് നന്ദി രേഖപ്പെടുത്തി. തുടർന്നുനടന്ന ഭാഷാ പ്രതിജ്ഞ, പ്രസംഗം (കേരളം), പ്രതിഭ പാഠശാലയിലെ റിഫ മനാമ കാമ്പസുകളിലെ വിദ്യാർഥികളും അധ്യാപകരും അവതരിപ്പിച്ച സംഘനൃത്തം, നാടകം, ഒപ്പന, നാടൻപാട്ട്, സംഗീത ശിൽപ്പം, സ്കിറ്റ്, ഫ്യൂഷൻ ഡാൻസ്, കവിതാ രംഗാവിഷ്കാരം, കേരള ഷോ, സംഘഗാനം എന്നിവ സദസ്സിന് മികച്ച അനുഭവമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.