മനാമ: കോവിഡ് വ്യാപനം ശക്തമാകാന്‍ കാരണം പ്രതിരോധ നടപടികള്‍ കൈക്കൊള്ളുന്നത് അവഗണിച്ചതിനാലെന്ന് ഫാമിലി ഫിസിഷ്യന്‍ ഡോ. ഈമാന്‍ അതിയ്യ വ്യക്തമാക്കി. ഓരോരുത്തരും കൈക്കൊള്ളേണ്ട പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് അവഗണിച്ചത് പ്രയാസമുണ്ടാക്കിയിട്ടുണ്ട്. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ പ്രത്യേക ശ്രദ്ധയുണ്ടാവേണ്ടതുണ്ടെന്ന് അവര്‍ സൂചിപ്പിച്ചു.
ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ മുന്നോട്ടു വരേണ്ട അനിവാര്യ ഘട്ടമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യമുണ്ട്. പ്രതിരോധ സമിതി എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ മുഴുവന്‍ പൗരന്മാരും മുന്നോട്ടു വരേണ്ടതുണ്ട്. കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിക്കുന്നതില്‍ മുന്‍നിരയിലാണ് ബഹ്റൈനെന്നും അവര്‍ ചൂണ്ടിക്കാട്ടി. കോവിഡ് വാക്സിന് സ്വീകരിക്കുന്നതിന് സ്വയം മുന്നോട്ടുവരണമെന്ന് അവര്‍ ഉണര്‍ത്തി. മാസ്ക് ഉപയോഗം, വീടുകളില്‍നിന്നും അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങാതിരിക്കുക, ഇടക്കിടെ കൈ വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങളില്‍ അശ്രദ്ധ പാടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
70 ശതമാനം ജോലി വീട്ടില്‍ നിന്നാകണം –മന്ത്രി
മനാമ: ഇന്ന് മുതല്‍ ഫെബ്രുവരി 20 വരെ 70 ശതമാനം ജോലി വീട്ടില്‍ നിന്നാക്കാന് തൊഴില്‍, സാമൂഹിക ക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ നിർദേശിച്ചു. മന്ത്രാലയ കേന്ദ്രത്തിലും ശാഖകളിലും ഇത്തരത്തില്‍ മാറ്റം വരുത്താനാണ് തീരുമാനം. 70 ശതമാനം ജീവനക്കാരും വീട്ടില്‍ നിന്നായിരിക്കും രണ്ടാഴ്ചക്കാലം ജോലി നിര്‍വഹിക്കുക. മന്ത്രാലയം നല്കിക്കൊണ്ടിരിക്കുന്ന സേവനങ്ങളില്‍ ഒരു കുറവും വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ്: ഒരു മരണം കൂടി; പുതിയ രോഗികൾ 702
മനാമ: കോവിഡ് ബാധിച്ച് രാജ്യത്ത് ഒരു മരണം കൂടി. 67കാരനായ സ്വദേശിയാണ് ശനിയാഴ്ച മരിച്ചത്. ഇതോടെ മൊത്തം മരണസംഖ്യ 378 ആയി. അതിനിടെ, കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ 702 പുതിയ കോവിഡ് പോസിറ്റിവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ 291 പേർ പ്രവാസികളാണ്. 424 പേർ രോഗമുക്തി നേടി. നിലവിൽ ചികിത്സയിലുള്ള 5458 രോഗികളിൽ 37 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.