മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. കിരീടാവകാശിയുടെ അമേരിക്കൻ സന്ദർശനത്തോടനുബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. അമേരിക്കയുമായി ബഹ്റൈന് ദീർഘകാലത്തെ തന്ത്രപരമായ സഖ്യമാണുള്ളതെന്ന് കിരീടാവകാശി പറഞ്ഞു.
50 വർഷത്തിലേറെ നീണ്ട ഔപചാരിക നയതന്ത്ര ബന്ധമാണ് അമേരിക്കയുമായുള്ളത്. 75 വർഷത്തിലേറെയായി ബഹ്റൈനിലുള്ള യു.എസ് അഞ്ചാം കപ്പൽപട മിഡിൽ ഈസ്റ്റിലെ ഏറ്റവും പഴക്കമുള്ള യു.എസ് സൈനിക ആസ്ഥാനമാണ്. പൊതുതാൽപര്യങ്ങൾ നിറവേറ്റുന്നതിന് അമേരിക്കയും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും ഏകോപനവും കൂടുതൽ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബഹ്റൈൻ-യുഎസ് ബന്ധം കൂടുതൽ വിപുലമാക്കി അടുത്തിടെ ബഹ്റൈനിൽ ആരംഭിച്ച യു.എസ് ട്രേഡ് സോൺ സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന തന്ത്രപ്രധാന പദ്ധതികളുടെ ഭാഗമാണ്. പ്രാദേശികവും അന്തർദേശീയവുമായ സമാധാനവും സുരക്ഷയും സുസ്ഥിരതയും നിലനിർത്തുന്നതിനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ അമേരിക്കയുടെ പങ്ക് പ്രധാനമാണെന്നും കിരീടാവകാശി പറഞ്ഞു.
ബഹ്റൈൻ-യുഎസ് ബന്ധം ദൃഢമാണെന്ന് അഭിപ്രായപ്പെട്ട കമല ഹാരിസ്, ബഹ്റൈൻ അമേരിക്കയുടെ നാറ്റോ ഇതര പ്രധാന സഖ്യകക്ഷിയാണെന്നും കൂട്ടിച്ചേർത്തു. അഞ്ചാം കപ്പൽപടയുടെയും സംയുക്ത നാവികസേന കമാൻഡിന്റെയും ആസ്ഥാനമായ ബഹ്റൈൻ തന്ത്രപ്രധാനമായ സുരക്ഷ പങ്കാളി കൂടിയാണ്. കഴിഞ്ഞ വർഷം അഫ്ഗാനിസ്താനിൽ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ഒഴിപ്പിക്കൽ നടപടികൾക്കും ബഹ്റൈൻ നൽകിയ പിന്തുണ വിലപ്പെട്ടതായിരുന്നുവെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.