മനാമ: മുഹറഖിലെ ഇസാ അൽ കബീർ കൊട്ടാരം, ചരിത്രപ്രസിദ്ധമായ പേളിങ് പാത്ത്, ചരിത്രപരവും പരമ്പരാഗതവുമായ വീടുകൾ എന്നിവ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സന്ദർശിച്ചു. മുഹറഖ് വികസനപദ്ധതി നടപ്പാക്കലിനോടനുബന്ധിച്ചായിരുന്നു കിരീടാവകാശിയുടെ സന്ദർശനം.മുഹറഖിന്റെ ചരിത്രപരവും സാംസ്കാരികവുമായ പ്രൗഢി സംരക്ഷിച്ചുകൊണ്ട് വികസനം നടപ്പാക്കണമെന്ന് ഹമദ് രാജാവ് ഉത്തരവിട്ടിരുന്നു
ആധികാരികതയും പൈതൃകവും കൊണ്ട് സമ്പന്നമായ സ്ഥലമാണ് ‘നഗരങ്ങളുടെ മാതാവ്’ എന്നറിയപ്പെടുന്ന മുഹറഖെന്ന് കിരീടാവകാശി പറഞ്ഞു. എല്ലാ ബഹ്റൈനികളുടെയും ഹൃദയത്തിൽ മുഹറഖിനും അവിടത്തെ ജനങ്ങൾക്കും പ്രത്യേക സ്ഥാനമുണ്ട്. രാജ്യത്തിന്റെ ചരിത്രവുമായി ഇഴചേർന്ന പ്രചോദനാത്മകമായ കഥകളാണ് മുഹറഖിന് പറയാനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈസ ബിൻ സൽമാൻ എജുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റ് ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ , മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും കിരീടാവകാശിയോടൊപ്പം ഉണ്ടായിരുന്നു.
നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ബഹ്റൈനിലെ ഏറ്റവും പഴക്കമേറിയ വ്യാപാരകേന്ദ്രമായ മുഹറഖ് സൂഖിന് പുതുമുഖം നൽകുന്ന പദ്ധതി അതിദ്രുതം പുരോഗമിക്കുകയാണ്. പവിഴ ഖനനത്തിന്റെയും വ്യാപാരത്തിന്റെയും ചരിത്രസ്മരണകൾ തങ്ങിനിൽക്കുന്ന പുരാതന നഗരത്തിന്റെ പാരമ്പര്യവും പകിട്ടും നിലനിർത്തിക്കൊണ്ടുള്ള നവീകരണ പരിപാടികളാണ് നടത്തുന്നത്. ആദ്യ ഘട്ടമായി പുതിയ നടപ്പാതകളാണ് നിർമിക്കുന്നത്. 407,287 ദീനാർ ചെലവിട്ടാണ് ഈ പ്രവൃത്തി.
നഗര സൗന്ദര്യവത്കരണത്തിനും പാതയോരങ്ങളിൽ മരങ്ങളടക്കം വെച്ചുപിടിപ്പിച്ച് പച്ചപ്പ് കൊണ്ടുവരുന്നതിനുമായി 597,120 ദീനാർ വകയിരുത്തിയിട്ടുണ്ട്. വാട്ടർ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിന് 12,850 ദീനാറും പുതിയ ലൈറ്റിങ് സംവിധാനങ്ങൾക്കായി 20,280 ദീനാറും നീക്കിവെച്ചിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ബഹ്റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസും പദ്ധതിയിൽ സഹകരിക്കുന്നുണ്ട്.
സൂക്കിന് കുറഞ്ഞത് 240 വർഷം പഴക്കമുണ്ടെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. മനാമക്ക് മുമ്പ് മുഹറഖായിരുന്നു രാജ്യ തലസ്ഥാനം. ജിദ്ദ, ബസ്ര, തുടങ്ങിയവക്കൊപ്പം മുഹറഖും പ്രധാന വ്യാപാര തുറമുഖമായിരുന്നുവെന്നാണ് ഗവേഷണങ്ങൾ തെളയിക്കുന്നത്.യുനസ്കോ അംഗീകരിച്ച ചരിത്രസ്മാരകമായ പേളിങ് പാത്ത് അടക്കം ഇവിടെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.