അബൂദബി: രേഖകളും പ്രമാണങ്ങളും നിയമപരമായി സാക്ഷ്യപ്പെടുത്തുന്നതിനും (നോട്ടറി) തയാറാക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് യു.എ.ഇ നീതിന്യായ മന്ത്രാലയം. ഇതിന്റെ ഭാഗമായി രേഖകൾ നിയമം മൂലം സാക്ഷ്യപ്പെടുത്തുന്നതിനുള്ള 27 ചോദ്യങ്ങൾ എട്ടായി വെട്ടിക്കുറച്ചു. ഇതോടെ നോട്ടറി സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സമയം 50 ശതമാനവും രേഖകൾ തയാറാക്കുന്നതിനുള്ള സമയം 70 ശതമാനം വരെയും കുറഞ്ഞു. നേരത്തേ 10 മിനിറ്റായിരുന്നു നോട്ടറി സർട്ടിഫിക്കറ്റ് കിട്ടാൻ എടുത്തിരുന്നതെങ്കിൽ ഇപ്പോഴത് അഞ്ച് മിനിറ്റായി കുറഞ്ഞു. സീറോ ഗവൺമെന്റ് ബ്യൂറോക്രസി സംരംഭത്തിന്റെ ഭാഗമായാണ് മന്ത്രാലയം ഇക്കാര്യം നടപ്പാക്കിയത്. യു.എ.ഇക്ക് അകത്തും പുറത്തുമുള്ള താമസക്കാർക്ക് നോട്ടറി പബ്ലിക് സംവിധാനം ഉപയോഗിച്ച് ഈ സേവനം തേടാവുന്നതാണ്. എല്ലാ ദിവസങ്ങളിലും നോട്ടറി പബ്ലിക് സേവനം ഡിജിറ്റലായി ലഭ്യമാണ്. നോട്ടറി ഉദ്യോഗസ്ഥന്റെ നേരിട്ടുള്ള ഇടപെടൽ ഇല്ലാതെ ഡിജിറ്റൽ സർവിസ് വഴി അതിവേഗത്തിൽ പ്രമാണങ്ങളുടെ സാക്ഷ്യപ്പെടുത്തൽ നടത്താൻ ഉപഭോക്താവിന് കഴിയും.
നീതിന്യായ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സംവിധാനത്തിലൂടെ നടത്തുന്ന ഇടപാടുകൾ നോട്ടറി പബ്ലിക് സർവിസ് പരിശോധിച്ച് ഉറപ്പാക്കും. കരാറുകളുടെയും രേഖകളുടെയും കരട് തയാറാക്കലും അതിന് അംഗീകാരം നൽകലും ഒപ്പുകൾ പരിശോധിക്കുന്നതിന്റെയുമെല്ലാം ഉത്തരവാദിത്തം നോട്ടറി പബ്ലിക് സർവിസിനായിരിക്കും. രേഖകളിൽ തീയതി പതിക്കുക, ഒസ്യത്ത് നിർദേശങ്ങൾ, സത്യപ്രതിജ്ഞ പ്രസ്താവനകൾ നിർമിക്കുക, അതിന്റെ ആധികാരികത ഉറപ്പാക്കുക, വിജ്ഞാപനങ്ങൾ ഇറക്കുക തുടങ്ങിയ ചുമതലകളും നോട്ടറി പബ്ലിക്കിനായിരിക്കും.
അതേസമയം, പ്രൈവറ്റ് നോട്ടറി പബ്ലിക് ആയി പ്രാക്ടിസ് ചെയ്യുന്നതിന് രജിസ്ട്രേഷൻ ആരംഭിച്ചതായി നീതിന്യായ മന്ത്രാലയം അറിയിച്ചു. ഇതിന് യോഗ്യരായവർ മാനദണ്ഡങ്ങൾ പരിശോധിച്ച ശേഷം നീതിന്യായ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.