മനാമ: കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ജനീവയിൽ നടന്ന നടന്ന ഇന്ററാക്ടിവ് ഡയലോഗ് സെഷനിൽ ബഹ്റൈൻ പ്രതിനിധി സംഘം പങ്കെടുത്തു.
സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ അഹ്മദ് ഖലാഫ് അൽ അസ്ഫൂർ ബഹ്റൈൻ പ്രതിനിധിസംഘത്തെ നയിച്ചു. കുട്ടികളുടെ അവകാശങ്ങൾ, സായുധ സംഘട്ടനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം, കുട്ടികളുടെ വിൽപന, ബാലവേശ്യാവൃത്തി, ചൈൽഡ് പോണോഗ്രഫി എന്നീ വിഷയങ്ങൾ സമ്മേളനം ഗൗരവമായി ചർച്ച ചെയ്തു.
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ബഹ്റൈനുള്ള പ്രതിബദ്ധത മന്ത്രി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ഹമദ് രാജാവിന്റെ നേതൃത്വത്തിൽ കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അന്താരാഷ്ട്ര നിയമങ്ങൾ നടപ്പാക്കാനും രാജ്യം സ്വീകരിച്ച നടപടികൾ അദ്ദേഹം വ്യക്തമാക്കി. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാറിന്റെ പിന്തുണ അദ്ദേഹം ഊന്നിപ്പറഞ്ഞു.
കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ദേശീയ സംരംഭങ്ങളും നേട്ടങ്ങളും മന്ത്രി അവലോകനം ചെയ്തു. ദേശീയ ചൈൽഡ്ഹുഡ് സ്ട്രാറ്റജി കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുദ്ദേശിച്ചുള്ളതാണെന്നും സംയോജിത നയങ്ങളുടെയും നിയമങ്ങളുടെയും പരിപാടികളുടെയും അടിസ്ഥാനത്തിൽ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കാൻ രാജ്യം നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.