ഡോ. ​ഹു​സൈ​ൻ മ​ട​വൂ​രിന് വി​വി​ധ മ​ത, സാ​മൂ​ഹി​ക കൂ​ട്ടാ​യ്മ​ക​ൾ ന​ൽ​കി​യ സ്വീ​ക​ര​ണ​ം

മനുഷ്യരെ തമ്മിൽ ഒന്നിപ്പിക്കുന്ന പൊതുവേദികൾ രൂപപ്പെടണം -ഡോ. ഹുസൈൻ മടവൂർ

മനാമ: മനുഷ്യമനസ്സുകളിൽ വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും കലഹത്തിന്റെയും വിത്തുകൾ പാകി മുതലെടുക്കുന്നവരെ കരുതിയിരിക്കണമെന്നും അത്തരം വിദ്വേഷ ശക്തികൾക്കെതിരെ മതസാമൂഹിക കൂട്ടായ്മകളുടെ പൊതുവേദികൾ ഉയർന്നുവരണമെന്നും ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിൽ എത്തിയപ്പോൾ വ്യത്യസ്ത മത സാമൂഹിക കൂട്ടായ്മകൾ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈവിധ്യങ്ങൾ ഒരു സത്യമാണെന്നും വിയോജിപ്പുകൾ നിലനിർത്തിക്കൊണ്ടുതന്നെ മനുഷ്യനാവുക എന്നത് എങ്ങനെ സാധിക്കുമെന്നാണ് മതനേതാക്കൾ ആലോചിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അവനവന്റെ മതഗ്രന്ഥങ്ങൾ അവയുടെ സ്രോതസ്സിൽനിന്ന് സ്വീകരിച്ചാൽതന്നെ കാലുഷ്യങ്ങൾ ഇല്ലാതാകും.

അടിസ്ഥാനപരമായി മതങ്ങൾ ഉദ്ഘോഷിക്കുന്നത് മനുഷ്യസ്നേഹവും സമാധാനവുമാണ്. പ്രളയകാലത്തും കൊറോണ കാലഘട്ടത്തിലുമുണ്ടായ ഐക്യപ്പെടലുകൾ മറ്റു സമയങ്ങളിലും ഉണ്ടാകണം. സാമൂഹിക മാധ്യമങ്ങളിലൂടെ ഭിന്നിപ്പുണ്ടാക്കുന്നവരെയും കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വേഷ ഭാഷകൾക്കപ്പുറം എല്ലാവരും അന്വേഷിക്കുന്നത് ദൈവത്തെയാണെന്ന് സൗഹൃദ സംഗമത്തിന് ആശംസകളർപ്പിച്ച് സംസാരിച്ച ഇസ്കോൺ പ്രതിനിധി സ്വാമി വംശിധാരി മോഹന ദാസ് പറഞ്ഞു. ദൈനംദിനം കേൾക്കുന്ന വാർത്തകൾ മനുഷ്യമനസ്സുകളിൽ ഭയം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കാലത്ത് വ്യത്യസ്ത ആശയാദർശങ്ങൾ ഉൾക്കൊള്ളുന്നവർ ഒരുമിച്ചിരിക്കുന്നത് സന്തോഷകരമാണെന്ന് ക്നാനായ സഭാംഗവും കേരള ക്രിസ്ത്യൻ എക്കുമെനിക്കൽ കൗൺസിൽ പ്രസിഡന്‍റും സി.എസ്.ഐ മലയാളി പാരീഷ് വികാരിയുമായ ഫാ. ദിലീപ് ഡേവിസൻ പറഞ്ഞു.

വിവിധ ആശയാദർശങ്ങളിൽ വിശ്വസിക്കുന്നവർ പ്രവാസലോകത്ത് ഒത്തൊരുമയോടെ ജീവിക്കുന്നതുപോലെ നാട്ടിലും ജീവിച്ചാൽ തീരുന്ന പ്രശ്നങ്ങളേ ഉള്ളൂവെന്ന് തുടർന്ന് സംസാരിച്ച ഗുരുദേവ സോഷ്യൽ സൊസൈറ്റി പ്രസിഡൻറ് ചന്ദ്രബോസ് പറഞ്ഞു.

എവിടെയാണോ ഓരോ പൂമൊട്ടും അതിന്റെ യഥാർഥ നിറത്തിലും സൗന്ദര്യത്തിലും വിടരുന്നത്, അവിടെയാണ് ഐക്യവും ഒത്തൊരുമയും പ്രഘോഷിക്കപ്പെടുന്നത് എന്ന് സി.എസ്.ഐ മലയാളി സൗത്ത് കേരള പള്ളി വികാരി ഫാ. ഷാബു ലോറൻസ് പറഞ്ഞു. സന്തോഷവും സംതൃപ്തിയും നൽകുന്നതാണ് ഇത്തരം കൂട്ടായ്മകളെന്ന് കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് പറഞ്ഞു. സമൂഹത്തിൽ തീവ്ര ഭാവങ്ങൾ ഉണ്ടാകുമ്പോൾ ശമിപ്പിക്കുന്നതിന് ഇത്തരം കൂട്ടായ്മകൾക്ക് സാധിക്കുമെന്ന് സെൻറ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. ബിജു ഫിലിപ്പോസ് പറഞ്ഞു.

മനുഷ്യമനസ്സുകളിൽ വെറുപ്പും ഭയവും വളർത്തുന്ന സമകാലിക ലോകത്ത് ഇങ്ങനെ ഒരുമിച്ചിരിക്കുന്നത് വളരെ വലിയ കാര്യമാണെന്ന് ക്നാനായ സഭ പള്ളി വികാരി ഫാ. നോബിൾ തോമസ് പറഞ്ഞു.

സ്വാമി അന്തരംഗ ചൈതന്യ ദാസ്, കുട്ടൂസ മുണ്ടേരി, സൈഫുല്ല ഖാസിം എന്നിവരും സംസാരിച്ചു. എസ്.വി. ജലീൽ അധ്യക്ഷത വഹിച്ച സൗഹൃദ സംഗമത്തിന് ജമാൽ നദ്വി ഇരിങ്ങൽ സ്വാഗതവും അബ്ദുൽ വാഹിദ് നന്ദിയും പറഞ്ഞു. വിവിധ സംഘടന പ്രതിനിധികളെ പ്രതിനിധാനം ചെയ്ത് അഷ്‌റഫ്‌ കാട്ടിൽപ്പീടിക, അബ്ദുൽ വാഹിദ് (സമസ്ത), കെ.പി. മുസ്തഫ (കെ.എം.സി.സി ), എം.എം. സുബൈർ, ബദറുദ്ദീൻ (ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ), സുഹൈൽ മേലടി, മൂസ സുല്ലമി (അൽ ഫുർഖാൻ സെന്‍റർ), റിസാലുദ്ദീൻ പുന്നോൽ, ടി.പി. അബ്ദുൽ അസീസ് (അൽ ഹിദായ സെന്‍റർ, വിസ്ഡം), ഹംസ മേപ്പാടി, നൂറുദ്ദീൻ ഷാഫി, സിറാജ് (ഇസ്‌ലാഹി സെന്‍റർ) തുടങ്ങിയവരും സംബന്ധിച്ചു.

Tags:    
News Summary - Public forums should be formed to unite human beings -Dr. Hussain Madavoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.