ഒരു കുഞ്ഞുവൈറസിെൻറ താണ്ഡവത്തിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്ന ലോകത്ത് മനുഷ്യർ ഒാരോരുത്തരും മുഖപടങ്ങളില്ലാതെ സ്വതന്ത്രമായി വിഹരിക്കുന്ന ഒരു പ്രഭാതത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന വേളയിലാണ് വീണ്ടുമൊരു വ്രതകാലംകൂടി സമാഗതമായിരിക്കുന്നത്.
ഓർമകളുടെ കൊതുമ്പു വള്ളത്തിലേറി പിന്നിട്ട കാലത്തിലേക്ക് തിരിച്ചു തുഴയുമ്പോൾ ഉമ്മയുണ്ടായിരുന്ന കാലത്തെ ഇനിയൊരിക്കലും തിരിച്ചുവരാത്ത നോമ്പുകാലം വിതുമ്പലായി നിനവുകളിൽ നിറയും.വൃക്കരോഗിയായ മാതാവിനൊപ്പമുള്ള പല ആശുപത്രികളിലെ വാസത്തിനിടയിൽ കടന്നുവന്ന സൗഹൃദത്തിെൻറയും സഹവർത്തിത്വത്തിെൻറയുമൊക്കെ ഒളിമങ്ങാത്ത ചിത്രങ്ങൾ ഇന്നും ഓർമയിൽ തെളിഞ്ഞുനിൽക്കുന്നു.ഒരു നോമ്പുകാലത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഉമ്മയോടൊപ്പം കൂട്ടിരിക്കുന്നതിനിടയിലാണ് വെള്ളയിൽ സ്വദേശി ജാവേദ് ഹസനെ പരിചയപ്പെടുന്നത്. കൂലിപ്പണിക്കാരനായ അയാളും എന്നെപ്പോലെ തന്നെ ഉമ്മയോടൊപ്പം വന്നതാണ്. ബാപ്പ ചെറുപ്പത്തിലേ മരിച്ചുപോയതിനാൽ അയാൾക്ക് എല്ലാമായിരുന്നു മാതാവ്. ഉമ്മയെ രോഗത്തിൽനിന്ന് രക്ഷിച്ചെടുക്കാൻ എന്തു സാഹസവും ചെയ്യാൻ തയാറാണെന്ന സ്നേഹത്തിൽ പൊതിഞ്ഞ അയാളുടെ വാക്കുകൾ എെൻറയും നയനങ്ങളെ സജലങ്ങളാക്കി.
എത്ര സ്നേഹത്തോടെ നിരസിച്ചിട്ടും വൈകുന്നേരങ്ങളിൽ സഹോദരി കൊണ്ടുവരുന്ന നോമ്പുതുറ വിഭവങ്ങളിൽ എന്നെ കൂടി കരുതിയിരുന്നു. ആശുപത്രി വരാന്തകളിൽ ഞങ്ങൾ പരസ്പരം ജീവിതം പറഞ്ഞു. വേദനകൾ മാത്രം നിറഞ്ഞ ബാല്യവും കൗമാരവുമൊക്കെ നനഞ്ഞ കണ്ണുകളെ സാക്ഷിയാക്കിയാണ് അദ്ദേഹം പറഞ്ഞത്. കുറഞ്ഞ ദിവസത്തെ മാത്രം പരിചയം എങ്ങനെ ജന്മാന്തര സൗഹൃദംപോലെ ഊഷ്മളമായി എന്നത് എനിക്കിന്നും അജ്ഞാതമായ ഒരു സമസ്യയാണ്.
അവിടെ ഉണ്ടായിരുന്ന ഒമ്പതു ദിവസവും ഞങ്ങൾ ഒരുമിച്ചു തന്നെയായിരുന്നു. വൃക്ക മാറ്റിവെക്കൽ മാത്രമേ പരിഹാരമുള്ളൂവെന്ന് ഡോക്ടർ വിധിയെഴുതിയപ്പോൾ സ്വന്തം വൃക്ക ഉമ്മക്ക് കൊടുക്കാനും ഒപ്പം വീടും സ്ഥലവും വിറ്റ് ചെലവിനുള്ള പണം കണ്ടെത്താനും തൽക്കാലം വാടക വീട്ടിലേക്കു മാറാനുമൊക്കെയുള്ള വലിയ ഭാവി പദ്ധതികൾ പങ്കുവെക്കുമ്പോഴൊക്കെ ഉമ്മയുടെ ദീർഘായുസ്സിനുവേണ്ടി കരഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രാർഥിച്ചിരുന്നത്.രണ്ടു ദശാബ്ദങ്ങൾക്കു മുമ്പ് കാരുണ്യ പ്രവർത്തനങ്ങൾ ഇന്നത്തേതുപോലെ സജീവമല്ലാത്ത കാലത്ത് അയാൾക്കു മുന്നിൽ മറ്റു വഴികൾ ഒന്നുമില്ലായിരുന്നു. പ്രയാസങ്ങൾക്ക് നടുവിലും ഭാവിയെപ്പറ്റി ഒരു ശുഭപ്രതീക്ഷ അയാളുടെ വർത്തമാനങ്ങളിൽ പറ്റിപ്പിടിച്ചു കിടന്നിരുന്നു.
ആശുപത്രി വാസത്തിനു ശേഷവും ഞങ്ങളുടെ ബന്ധം ടെലിഫോണിലൂടെ തുടർന്നു. സ്വന്തം മാതാവിെൻറ രോഗത്തിലുള്ള കരുതൽപോലെ അയാൾ എെൻറ മാതാവിെൻറയും സുഖവിവരങ്ങൾ താൽപര്യത്തോടെ അേന്വഷിച്ചിരുന്നു.കുറച്ചു നാളുകൾക്കുശേഷം എെൻറ ഉമ്മ മരിച്ച വാർത്ത അറിയിച്ചപ്പോൾ വടകരയിലെ കുഗ്രാമത്തിൽ കിലോമീറ്ററുകൾ താണ്ടി അദ്ദേഹം വന്നു. ഒരു സഹോദരനെപ്പോലെ തളർന്നുപോയ എനിക്ക് ഊർജദായകമായ ഉപദേശങ്ങൾ തന്നു. പിന്നീട് ഞാൻ പ്രവാസത്തിെൻറ കുപ്പായമിട്ടപ്പോഴും കത്തുകളിലൂടെ, വിളികളിലൂടെ ആ ബന്ധം അനുസ്യൂതമായി ഒഴുകി. ഇടക്കെപ്പോഴോ ടെലിഫോണിനോടൊപ്പം ആ ബന്ധവും കളഞ്ഞുപോയി.നാട്ടിൽ പോയപ്പോൾ റമദാൻ കാലം സമ്മാനിച്ച ആ നല്ല സുഹൃത്തിനെ തേടി ഞാൻ വെള്ളയിലുള്ള അയാളുടെ വീട്ടിലേക്കാണ് പോയത്. മുമ്പ് രണ്ടുവട്ടം അവിടെ പോയിരുന്നതുകൊണ്ട് വഴി കണ്ടുപിടിക്കാൻ വിഷമം വന്നില്ല. പഴയ വീടിനൊന്നും ഒരു മാറ്റവും വന്നിട്ടില്ല, പൂമുഖത്ത് അയാളുടെ ഉമ്മ ഇരിക്കുന്നുണ്ടായിരുന്നു. പരിചയപ്പെടുത്തിയപ്പോൾ പെട്ടെന്നുതന്നെ എന്നെ തിരിച്ചറിഞ്ഞു.
ജാവേദിനെ കുറിച്ച് ചോദിക്കുന്നതിനു മുമ്പേ തന്നെ അവർ കരയാൻ തുടങ്ങി. എനിക്കൊന്നും മനസ്സിലായില്ല. കുറെ കഴിഞ്ഞാണ് പുറത്തുപോയ സഹോദരി എത്തിയത്. ഒരു െബെക്കപകടത്തിൽ സഹോദരൻ വിട്ടുപോയ കാര്യവും സുമനസ്സുകളുടെ കാരുണ്യത്താൽ ഉമ്മയുടെ ഓപറേഷൻ നടന്നതുമൊക്ക അവൾ പറഞ്ഞപ്പോൾ വേദനയോടെ ഞാനോർത്തത് ഒരിക്കലും മനുഷ്യർക്ക് പിടികിട്ടാത്ത ദൈവത്തിെൻറ ചില നിയോഗങ്ങളെ കുറിച്ചാണ്. അവരുടെ സ്നേഹപൂർണമായ ക്ഷണം നിരസിച്ച് പാതിയിൽ നഷ്ടപ്പെട്ടുപോയ ആ നല്ല കൂട്ടുകാരനെ വല്ലാത്ത നൊമ്പരത്തോടെ ഓർത്തുകൊണ്ട് ആ വീടിെൻറ പടിയിറങ്ങി അടുത്തുള്ള പള്ളിയിലേക്ക് നോമ്പ് തുറക്കാനായി നടക്കുമ്പോൾ ഞാനോർത്തത് ആ സഹോദരനെ കണ്ടുമുട്ടിയതും ഒരു റമദാൻ കാലത്തിലായിരുന്നല്ലോ
എന്നായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.