ലോകം മുഴുവൻ മഹാമാരി ഇപ്പോഴും താണ്ഡവമാടുമ്പോൾ വീണ്ടുമൊരു ആത്മവിശുദ്ധിയുടെ റമദാൻ കാലം. കഴിഞ്ഞ വർഷത്തെ നോമ്പുകാല അനുഭവങ്ങൾ മറ്റുള്ളവർക്കെന്നപോലെ എനിക്കും വ്യത്യസ്തമായിരുന്നു. നോമ്പുതുറകളുടെ തിരക്കുകൾ ഇല്ലാതെ, കോവിഡ് എന്ന മഹാമാരിക്കു പിന്നാലെയുള്ള രാത്രിയും പകലും നിർത്താതെയുള്ള ഓട്ടമായിരുന്നു അത്.
മഹാമാരിയുടെ മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്നവർക്ക് ഒരുകൈ സഹായം നൽകാൻ ഇറങ്ങിപ്പുറപ്പെടുേമ്പാൾ ഇന്നല്ലെങ്കിൽ നാളെ ഇതിനൊരു അവസാനം കാണുമെന്നു തന്നെയായിരുന്നു പ്രതീക്ഷ. എന്നാൽ, എല്ലാ പ്രതീക്ഷകളെയും അസ്ഥാനത്താക്കി സഹായാഭ്യർഥനകളുടെ നീണ്ട നിരതന്നെ ഓരോ ദിവസവും വന്നുകൊണ്ടിരുന്നു. കഴിയാവുന്ന തരത്തിലുള്ള എല്ലാ മുൻകരുതലുകളും എടുത്തായിരുന്നു കോവിഡിനു പിന്നാലെയുള്ള ഓട്ടം.
ദിവസവും മൂന്നും നാലും തവണ ഓടിത്തളർന്ന് ഉറങ്ങാൻ കിടക്കുമ്പോഴായിരിക്കും അടുത്ത ആളുടെ ഫോൺവിളി വരുന്നത്. നോമ്പുകാലത്തെ ഒരു വെള്ളിയാഴ്ചയാണ് കിരൺ (യഥാർഥ പേരല്ല) എന്നയാളുടെ ഫോൺ കാൾ എത്തിയത്. രണ്ടുദിവസം മുമ്പ് നടത്തിയ കോവിഡ് പരിശോധനയിൽ അവൻ പോസിറ്റിവായിരുന്നു എന്ന് അറിയാമായിരുന്നു. അൽപനേരത്തെ സംസാരത്തിനു ശേഷമാണ് എന്തോ ഒരു പന്തികേട് ബോധ്യപ്പെട്ടത്. പരസ്പരബന്ധമില്ലാത്ത സംസാരം ആയിരുന്നു മറുവശത്തുനിന്ന് കേട്ടത്. ഫോൺ കട്ട് ചെയ്ത് എന്ത് ചെയ്യണം എന്ന് പകച്ചുനിൽക്കുമ്പോഴാണ് വീണ്ടും കിരണിെൻറ വിളി വരുന്നത്. 'അവർ ബിൽഡിങ്ങിൽനിന്ന് ചാടി; പക്ഷേ, മരിച്ചിട്ടില്ല. നീ പേടിക്കണ്ട കേട്ടോ.' അവൻ പറഞ്ഞതു കേട്ട് ഞാൻ ഒന്ന് അന്ധാളിച്ചു നിന്നുപോയി. പരിശോധനയിൽ പോസിറ്റിവ് എന്നറിഞ്ഞപ്പോൾ അവന് ആവശ്യമുള്ള സാധനങ്ങൾ വാങ്ങിക്കൊടുക്കാൻ രണ്ടുദിവസം മുമ്പ് വീട്ടിൽ പോയിരുന്നു. ഭാര്യ വളരെ വിഷമത്തിലാണ്; ഭയങ്കര ടെൻഷനിലാണ് എന്ന് മറ്റും അവൻ പറഞ്ഞിരുന്നു. അവെൻറ സംസാരം കേട്ടപ്പോൾ പെട്ടെന്ന് ആ ഓർമയാണ് മനസ്സിൽ വന്നത്.
മനാമയിൽനിന്ന് റിഫ വരെ മറ്റൊരു സുഹൃത്തിനെയും കൂട്ടി കാറോടിച്ച് എത്തിയത് എങ്ങനെയെന്ന് ഇപ്പോഴും അറിയില്ല. ഒരു നൂറായിരം ചിന്തകളായിരുന്നു യാത്രയിൽ. എന്ത് കാഴ്ചയായിരിക്കും അവിടെ ചെല്ലുമ്പോൾ കാണേണ്ടിവരുക എന്ന ടെൻഷനും. ഒരുതരത്തിൽ അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച ആത്മഹത്യ ചെയ്യാൻ തയാറായി നിൽക്കുന്ന അമ്മയെയും ൈകയിൽ ഒമ്പതുമാസം മാത്രം പ്രായമായ കുഞ്ഞിനെയുമാണ്. കിരണിനെ അവിടെ കാണുന്നുണ്ടായിരുന്നില്ല. ഒരുവിധത്തിൽ അവരെ കാര്യങ്ങൾ പറഞ്ഞു സമാധാനിപ്പിച്ച് കിരൺ എവിടെപ്പോയെന്ന് അന്വേഷിക്കാനായി പുറത്തിറങ്ങി. അവരുടെ ഭർത്താവിനെ എവിടെയാണെങ്കിലും അന്വേഷിച്ചു കണ്ടെത്തിത്തരാം എന്ന് വാക്കുകൊടുത്ത് അവിടെനിന്നിറങ്ങി.
മണിക്കൂറുകൾ കഴിഞ്ഞിട്ടും ആളെ കണ്ടെത്താനായില്ല. രണ്ടും കൽപിച്ച് പൊലീസിൽ പരാതിപ്പെടാം എന്ന് ഉറപ്പിച്ചു നിൽക്കുമ്പോഴാണ് സിത്ര കോവിഡ് ക്വാറൻറീൻ ക്യാമ്പിൽനിന്ന് അന്വേഷിക്കുന്ന ആൾ അവിടെ എത്തിയിട്ടുണ്ട് എന്ന വിവരം ലഭിച്ചത്. മാനസിക സംഘർഷം മൂലം സമനില തെറ്റിയ അവനെ സെക്യൂരിറ്റിക്കാർ മദ്യപിച്ച് ലക്കുകെട്ടയാളെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. കാര്യം പറഞ്ഞ് മനസ്സിലാക്കി അവനെ അന്ന് രാത്രിതന്നെ സൽമാനിയ ഹോസ്പിറ്റലിലേക്ക് മാറ്റി. കോവിഡ് ചികിത്സക്കൊപ്പം മനോരോഗത്തിനുള്ള ചികിത്സയും നൽകി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിഞ്ഞു.
ഭർത്താവ് തിരിച്ചെത്തിയിട്ടും ആദ്യ ദിവസങ്ങളിൽ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയുമിരുന്ന ആ പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് തിരിഞ്ഞുനോക്കുമ്പോൾ അവിശ്വസനീയമായി തോന്നുന്നു. ആത്മഹത്യയുടെ വക്കിൽനിന്ന് അവരെ സന്തോഷകരമായ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ കഴിഞ്ഞുവെന്നത് വളരെ വലിയ ചാരിതാർഥ്യം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.