മനാമ: ബഹ്റൈൻ ആനിമൽ പ്രൊഡക്ഷൻ ഷോയുടെ (മറാഇ 2024) ഏഴാം പതിപ്പ് 27ന് തുടങ്ങും. ഡിസംബർ 1 വരെ ബഹ്റൈൻ ഇന്റർനാഷനൽ എൻഡ്യൂറൻസ് വില്ലേജിൽ രാവിലെ ഒമ്പതു മുതലാണ് പ്രദർശനം. സന്ദർശകരുടെ വൻതിരക്ക് കണക്കിലെടുത്ത് ഈ വർഷം അഞ്ചുദിവസമായി മേള വർധിപ്പിച്ചിട്ടുണ്ട്. അപൂർവയിനം മൃഗങ്ങൾ, കന്നുകാലികൾ, കോഴികൾ തുടങ്ങിയവയുടെ പ്രദർശനം ഉണ്ടായിരിക്കും.
കന്നുകാലി സമ്പത്ത് വർധിപ്പിക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഗവൺമെന്റ് നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യസുരക്ഷ കൈവരിക്കുന്നത് ദേശീയ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കും. അതിനായി കന്നുകാലി-കാർഷിക മേഖലകളുടെ സംഭാവന വർധിപ്പിക്കാൻ നിരവധി പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. സ്വദേശികളും വിദേശികളുമായ സന്ദർശകർ ധാരാളമായി മേളയുടെ മുൻ പതിപ്പുകളിലെത്തിയിരുന്നു.
പ്രദർശനം കാണാൻ ജനങ്ങൾക്ക് അവസരമുണ്ടെന്ന് മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക് പറഞ്ഞു. ബഹ്റൈൻ ഇന്റർനാഷനൽ എൻഡ്യൂറൻസ് വില്ലേജിൽ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെ പ്രദർശനം പൊതുജനത്തിന് വീക്ഷിക്കാം.
രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷക്ക് മൃഗോൽപാദന മേഖലയുടെ സംഭാവനകൾ വർധിപ്പിക്കുന്നതിൽ മേള സഹായകമാകുമെന്ന് കൃഷിമന്ത്രി പറഞ്ഞു.
അനുഭവങ്ങൾ പങ്കുവെക്കുവാനും രോഗപ്രതിരോധമുൾപ്പടെയുള്ള കാര്യങ്ങൾ മെച്ചപ്പെടുത്താനും കർഷകർക്ക് ആവശ്യമായ പിന്തുണ നൽകാനും മികച്ച രീതികളും സാങ്കേതികവിദ്യകളും പരീക്ഷിക്കാനും മേള സഹായകമാകും. ശാസ്ത്രീയ, നിക്ഷേപ, സാങ്കേതിക, വിനോദ പരിപാടിയായി മറാഇ 2024 മാറും.
മൃഗസംരക്ഷണമേഖലയിലെ തൊഴിലാളികൾക്കും ഫാം ഉടമകൾക്കും ഏറ്റവും പുതിയ അനുഭവങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കാൻ മേളയിൽ അവസരമുണ്ടാകും. മികച്ച കന്നുകാലി, പക്ഷി ഇനങ്ങളെ പ്രദർശിപ്പിക്കാൻ കഴിയും. അനുഭവങ്ങൾ കൈമാറുന്നതിനൊപ്പം വിപണനത്തിനും അവസരമൊരുക്കും.
മറാഇ ആദ്യ പതിപ്പ് 2010ലാണ് ആരംഭിച്ചത്. ബഹ്റൈനിലെയും ഗൾഫ് മേഖലകളിലെയും ഏറ്റവും വലിയ എക്സിബിഷനുകളിലൊന്നാണിത്. 8,135 പക്ഷികൾ, 520 അപൂർവ ഇനം മൃഗങ്ങൾ എന്നിവ കഴിഞ്ഞവർഷമുണ്ടായിരുന്നു. കഴിഞ്ഞ വർഷത്തെ പരിപാടിയിൽ 208,000 സന്ദർശകർ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.