അബൂദബി ഫണ്ട് ഫോർ ഡെവലപ്‌മെന്‍റ് പ്രതിനിധി സംഘം സൽമാൻ ടൗണിലെ വികസന

പ്രവർത്തനങ്ങൾ വിലയിരുത്തുന്നു

സൽമാൻ ടൗണിലെ പാർപ്പിട സമുച്ചയ പദ്ധതികൾ അടുത്ത വർഷം പൂർത്തിയാകും

മനാമ: അബൂദബി ഫണ്ട് ഫോർ ഡെവലപ്‌മെന്‍റ് (എ.ഡി.എഫ്‌.ഡി) ധനസഹായത്തോടെ സൽമാൻ ടൗണിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ പ്രതിനിധി സംഘം സന്ദർശിച്ചു.

ഗൾഫ് ഡെവലപ്മെന്‍റ് പ്രോഗ്രാമിന്റെ ഭാഗമായി നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളിൽ അപ്പാർട്ട്‌മെന്‍റ് കെട്ടിടങ്ങളും അടിസ്ഥാന സൗകര്യ പദ്ധതികളും നിർമിക്കുന്നുണ്ട്. യു.എ.ഇ നൽകുന്ന പിന്തുണ രാജ്യത്തെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് ഭവന, നഗരാസൂത്രണ മന്ത്രി അംന ബിൻത് അഹ്മദ് അൽ റൊമൈഹി അഭിപ്രായപ്പെട്ടു. ബഹ്‌റൈനും യു.എ.ഇയും തമ്മിലുള്ള ദൃഢമായ സാഹോദര്യ ബന്ധത്തിന്റെ ഉദാഹരണമാണ് സുസ്ഥിര വികസന പദ്ധതികൾക്ക് യു.എ.ഇ നൽകുന്ന പിന്തുണയെന്നും അവർ പറഞ്ഞു.

പദ്ധതികളുടെ മേൽനോട്ടത്തിനും തുടർനടപടികൾക്കും എ.ഡി.എഫ്.ഡി ഉദ്യോഗസ്ഥർ കാണിക്കുന്ന ശുഷ്കാന്തി അഭിനന്ദനീയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അണ്ടർസെക്രട്ടറി ശൈഖ് ഖാലിദ് ബിൻ ഹമൂദ് ആൽ ഖലീഫ സൽമാൻ ടൗണിൽ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു. 1382 അപാർട്മെന്‍റുകൾ ഉൾക്കൊള്ളുന്ന 16 പാർപ്പിട സമുച്ചയങ്ങളാണ് ഇവിടെ നിർമിക്കുന്നത്.

ഓരോ നിലയിലും 3600 ചതുരശ്ര മീറ്റർ വിസ്തീർണമുണ്ടാകും. ആറാം തലമുറ ഡിസൈനുകൾ അനുസരിച്ചാണ് പാർപ്പിട സമുച്ചയങ്ങൾ നിർമിക്കുന്നത്. 2023ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ എല്ലാ വാണിജ്യ സേവനങ്ങളും പാർക്കിങ് സ്ഥലങ്ങളും പാർക്കുകളും പൂന്തോട്ടങ്ങളും കാൽനട പാതകളും സൈക്ലിങ് പാതകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

നഗരത്തിലെ വിവിധ നിർമാണ സ്ഥലങ്ങളും ഭവന, നഗരാസൂത്രണ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ പൂർത്തിയാക്കിയ അടിസ്ഥാന സൗകര്യ പദ്ധതികളും പ്രതിനിധി സംഘം സന്ദർശിച്ചു. അബൂദബി ഫണ്ട് ഫോർ ഡെവലപ്‌മെന്‍റ് ബഹ്‌റൈനിലെ നിരവധി നഗരങ്ങളിലായി 23 ഭവന പദ്ധതികൾക്കാണ് ധനസഹായം നൽകുന്നത്.

361 ദശലക്ഷം ദീനാർ ചെലവ് വരുന്നതാണ് ഈ പദ്ധതികൾ.  

Tags:    
News Summary - residential complex projects in Salman Town will be completed next year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.