വിപ്ലവനക്ഷത്രം കെ.ആർ. ഗൗരിയമ്മ വിടവാങ്ങി. കേരള രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള ആ നേതാവിനെ നാലു തവണ നേരിൽ കാണാനും സംസാരിക്കാനും അവസരം ലഭിച്ചത് ഭാഗ്യമായാണ് കാണുന്നത്. എെൻറ 17ാം വയസ്സു മുതലാണ് സി.പി.എം എന്ന പ്രസ്ഥാനത്തെ മനസ്സിലാക്കാൻ തുടങ്ങിയത്. ആ കാലം തൊട്ട് ഗൗരിയമ്മയുടെ ധീരത കേട്ടിരുന്നു. അവരോട് അന്ന് തുടങ്ങിയ ബഹുമാനം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. തിരുവനന്തപുരത്ത് 13ാം പാർട്ടി കോൺഗ്രസ് കാണാനും പൊതു സമ്മേളനത്തിൽ പങ്കെടുക്കാനും സുഹൃത്തുക്കളായ തേനായി സജീവെൻറ നേതൃത്വത്തിൽ ഞാനും അമീദും (ബാവദ്) കൊക്കോൻ ബാബുവും കുണ്ടൻ ശശിയും റാഫി സർക്കൻറവിടയും സിദ്ദീഖ് പോക്കാൻറകത്തും അഴീക്കോട് ചാലിലെയും വളപട്ടണത്തെയും വലിയ ടീമംഗങ്ങളുടെ കൂടെ പോയിരുന്നു. പൊതുസമ്മേളന ദിവസം എെൻറ മനസ്സിലെ ആവശ്യം തേനായി സജീവനോട് പറഞ്ഞു; ഗൗരിയമ്മയെ കാണണം. നടക്കില്ല എന്നായിരുന്നു ആദ്യ പ്രതികരണം.
ഗൗരിയമ്മയെ കണ്ടേ പറ്റൂവെന്ന എെൻറ ശാഠ്യത്തിന് വഴങ്ങി കോടിയേരി ബാലകൃഷ്ണൻ വഴി സജീവൻ സഖാവ് അത് സാധിച്ചുതന്നു. പാർട്ടി സമ്മേളനത്തിനിടയിൽ നടന്ന എതോ ചർച്ചയുടെ മൂഡിലാണ് ഗൗരിയമ്മ പുറത്തുവന്നത്. ആദ്യം പരുക്കൻ രീതിയിലാണ് അവർ പെരുമാറിയത്. എങ്കിലും, കണ്ണൂരിൽനിന്നാണെന്നും വെറുതെ കാണുകയാണ് ഉദ്ദേശ്യം എന്നും മനസ്സിലാക്കിയപ്പോൾ സ്നേഹപൂർവം തലോടിയത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണ്.
22ാം പാർട്ടി കോൺഗ്രസ് ഹൈദരാബാദിൽ നടന്നപ്പോൾ പൊതുസമ്മേളനത്തിലും അനുബന്ധ സെമിനാറുകളിലും സംബന്ധിക്കാൻ അവസരം ലഭിച്ചു. എന്നാൽ, ആ സമ്മേളനത്തിൽ ഗൗരിയമ്മ ഉണ്ടായിരുന്നില്ല. അവർ പ്രസ്ഥാനത്തിലില്ല എന്ന ദുഃഖം വലിയരീതിയിൽ മനസ്സിനെ പ്രയാസപ്പെടുത്തിയിരുന്നു. 10 വർഷം മുമ്പ് അവർ മാതൃപ്രസ്ഥാനത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹിച്ചെങ്കിലും ചില വലയങ്ങൾ അവർക്ക് തടസ്സം നിന്നതായാണ് മനസ്സിലാക്കുന്നത്. ജീവിതം സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ടി അടയാളപ്പെടുത്തിയ ആ ധീര വനിതക്ക്, കേരളത്തിെൻറ വിപ്ലവ മാതാവിന് ബഹ്റൈനിലെ ഇടതുപക്ഷ മതേതര കൂട്ടായ്മയായ 'ഒന്നാണ് കേരളം ഒന്നാമതാണ് കേരളം' അന്ത്യാഞ്ജലി അർപ്പിക്കുന്നു.
സുബൈർ കണ്ണൂർ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.