മനാമ: അധികാരത്തിന്‍റെയും ഭരണനിര്‍വഹണത്തിന്‍റെയും പുതിയ പാഠങ്ങള്‍ വികസന വ്യവഹാരങ്ങളില്‍ ഇടംപിടിക്കുന്ന കാലഘട്ടത്തിലും രാജ്യപുരോഗതിയിൽ സ്ത്രീയുടെ പങ്ക് അടയാളപ്പെടുത്തുന്ന നയം മാറിമാറിവന്ന ഭരണകൂടങ്ങൾ സ്വീകരിച്ചിട്ടില്ലെന്ന് ദേശീയ മഹിള ഫെഡറേഷൻ ജനറൽ സെക്രട്ടറി ആനി രാജ പറഞ്ഞു. പ്രവാസി വെൽഫെയർ ബഹ്റൈൻ സംഘടിപ്പിച്ച 'സ്ത്രീ സുരക്ഷയും അവകാശങ്ങളും' വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. രാജ്യത്ത് പിറന്നുവീഴുന്നതിനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് ഇന്നും സ്ത്രീസമൂഹം. തുല്യത എന്നത് അലങ്കാരത്തിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. ജനസംഖ്യയുടെ പകുതിയിലധികം വരുന്ന സ്ത്രീ സമൂഹത്തിന്റെ നിയമ നിർമാണ സഭകളിലെ പ്രാതിനിധ്യം വെറും 14 ശതമാനം മാത്രമാണ്.
സ്ത്രീ സുരക്ഷക്കും സംരക്ഷണത്തിനുമായി പലരും പല കാലങ്ങളിലായി പല അവകാശ സംരക്ഷണ സമരങ്ങളും ബോധവത്കരണ പരിപാടികളും നടത്തിയതിന്റെ ഫലമായി നേട്ടങ്ങൾ കൈവരിക്കാൻ സ്ത്രീസമൂഹത്തിന് സാധിച്ചിട്ടുണ്ടെങ്കിലും സ്ത്രീ സുരക്ഷിതത്വം എന്നത് ഇന്നും വലിയൊരു ചോദ്യചിഹ്നം തന്നെയാണെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ പ്രവാസി വെൽഫെയർ വൈസ് പ്രസിഡന്‍റ് ജമീല അബ്ദുറഹ്മാൻ പറഞ്ഞു. വിദ്യാഭ്യാസ, തൊഴിൽ, സാമൂഹിക സംസ്കാരിക മേഖലകളിൽ സ്ത്രീ സമൂഹം പുരോഗതി നേടുമ്പോൾ മാത്രമെ യഥാർഥ പുരോഗതി നേടിയെന്ന് നമുക്ക് വിലയിരുത്താൻ കഴിയുകയുള്ളൂവെന്ന് അവർ പറഞ്ഞു.
കേരളത്തിൽ പോലും സ്ത്രീ സമൂഹത്തോട് സാംസ്കാരിക ശൂന്യതയാണ് കാണിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ വെൽഫെയർ പാർട്ടി സംസ്ഥാന പ്രവർത്തക സമിതി അംഗം പ്രേമ ജി. പിഷാരടി പറഞ്ഞു. മുസ്‌ലിം യുവതികൾ വ്യത്യസ്ത മേഖലകളിൽ കൈവരിച്ച ശാക്തീകരണ പ്രക്രിയകളെ പിന്നോട്ടടിക്കാനും വിദ്യാർഥികളെ മതത്തിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കാനും ലക്ഷ്യമിട്ടുള്ള വിദ്വേഷത്തിലധിഷ്ഠിതമായ മനുഷ്യാവകാശ ലംഘനമാണ് നിലവിലെ ഹിജാബ് നിരോധത്തിലൂടെ ഭരണകൂടം നടത്തുന്നതെന്ന് വിശിഷ്ടാതിഥിയായി പങ്കെടുത്ത ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ പറഞ്ഞു. സമൂഹത്തില്‍ നിലനില്‍ക്കുന്ന ലിംഗപരമായ തൊഴില്‍ വിഭജനം മാറേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന ഷെമിലി പി. ജോൺ പറഞ്ഞു. സ്ത്രീകൾ സ്വയം കമ്പോളമാകാതെ അവകാശങ്ങൾ നേടിയെടുക്കാൻ മുന്നോട്ടു വരണമെന്ന് ഫ്രൻഡ്സ് ബഹ്റൈൻ സെക്രട്ടറി നദീറ ഷാജി പറഞ്ഞു. സമയോചിതമായി ധീരതയോടെ തീരുമാനങ്ങളെടുക്കാൻ കഴിയുക സ്ത്രീ സമൂഹത്തിനാണ് എന്നതിനാൽ അവകാശങ്ങൾ ചോദിച്ചു വാങ്ങാനും അവർക്ക് കഴിയേണ്ടതുണ്ടെന്ന് വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ വനിത വിഭാഗം ഹെഡ് മിനി മാത്യു പറഞ്ഞു. രഞ്ജി സത്യൻ, സിനിമ പിന്നണി ഗായിക പ്രസീത മനോജ് എന്നിവരും സംസാരിച്ചു. ഷിജിന ആഷിക് നിയന്ത്രിച്ച വെബിനാറിൽ പ്രവാസി വെൽഫെയർ സെക്രട്ടറി റഷീദ സുബൈർ സ്വാഗതവും ഹസീബ ഉപസംഹാരവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.