മനാമ: 94-ാമത് സൗദി ദേശീയദിനത്തോടനുബന്ധിച്ച് ബഹ്റൈനിലും വിവിധ ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുകയാണ് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ). ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സാഹോദര്യ ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്ന പരിപാടികളാണ് നടത്തുന്നത്.
ദേശീയ ദിനത്തോടനുബന്ധിച്ച് ‘ഡിലൈറ്റഡ് ടു സീ യു’ എന്ന പേരിൽ ടൂറിസം കാമ്പയിൻ പ്രഖ്യാപിച്ചിട്ടുണ്ട്. 23ന് സൗദി പൗരന്മാരെയും ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരെയും സ്വാഗതം ചെയ്യുന്നതിനായി വിനോദസഞ്ചാരം, സാംസ്കാരികം എന്നിവ സംയോജിപ്പിച്ചുള്ള പരിപാടികളാണ് അവതരിപ്പിക്കുന്നത്. നാടോടി സംഗീത പ്രകടനങ്ങളും സാംസ്കാരിക പ്രദർശനങ്ങളുമടക്കം എല്ലാ പ്രായക്കാർക്കുള്ള വൈവിധ്യമാർന്ന പരിപാടികളുണ്ടാകും.
അന്താരാഷ്ട്ര വിമാനത്താവളം, കിങ് ഫഹദ് കോസ്വേ, ഹോട്ടലുകൾ, റിസോർട്ടുകൾ, വിവിധ ഹോസ്പിറ്റാലിറ്റി സൗകര്യങ്ങൾ എന്നിവയിലെല്ലാം വിനോദസഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ടുള്ള ആഘോഷ പരിപാടികളുണ്ടാകും.
ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിൽ വേരൂന്നിയ ബന്ധങ്ങളുടെ പ്രതിഫലനമായാണ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിക്കുന്നതെന്ന് ബി.ടി.ഇ.എ സി.ഇ.ഒ സാറാ ബുഹിജി പറഞ്ഞു. സൗദി സന്ദർശകർക്കായി 50-ലധികം ടൂറിസം പാക്കേജുകളും ഓഫറുകളും ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനികൾ, ഹോട്ടലുകൾ, റിസോർട്ടുകൾ തുടങ്ങിയവ പ്രഖ്യാപിച്ചിട്ടുണ്ട്. ഗൾഫ് എയർ വഴിയുള്ള പ്രത്യേക യാത്രാ പാക്കേജുകൾ, വ്യത്യസ്ത വിനോദ പരിപാടികൾ, എന്നിവ ഇതിൽ ഉൾപ്പെടുന്നു.
സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ട്രാവൽ ആൻഡ് ടൂറിസം ഓഫിസുകളുമായി സഹകരിച്ച് നടക്കുന്ന പ്രമോഷനൽ കാമ്പയിനുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബി.ടി.ഇ.എ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും അതോറിറ്റിയുടെ വെബ്സൈറ്റായ www.calendar.bh ലും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.