മനാമ: ഇടവേളക്കുശേഷം സൗദിയിലേക്കുള്ള യാത്രമാർഗമായി ബഹ്റൈൻ മാറുന്നു. സെപ്റ്റംബർ മൂന്ന് മുതൽ ഇന്ത്യയെ റെഡ്ലിസ്റ്റിൽനിന്ന് ബഹ്റൈൻ ഒഴിവാക്കിയ സാഹചര്യത്തിലാണ് സന്ദർശക വിസക്കാർക്ക് വരാൻ വഴി തെളിഞ്ഞത്. ഞായറാഴ്ച മുതൽ ബഹ്റൈൻ ഇ-വിസ അനുവദിച്ച് തുടങ്ങിയത് നിരവധി പേർക്ക് ആശ്വാസമായി. വിവിധ ട്രാവൽ ഏജൻസികൾ സൗദി യാത്രക്കാർക്കുള്ള പ്രത്യേക പാക്കേജുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ മെയ് 23 മുതൽ മുതൽ ഇന്ത്യയെ റെഡ്ലിസ്റ്റിൽ ഉൾപ്പെടുത്തിയപ്പോഴാണ് ബഹ്റൈൻ വഴിയുള്ള സൗദി യാത്രക്കാരുടെ വരവ് നിലച്ചത്. തുടർന്ന് ഇവർക്ക് സൗദി ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയ മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ടി വന്നു. ഭീമമായ തുകയാണ് ഇതിന് ചെലവഴിക്കേണ്ടി വന്നത്.
വിസിറ്റ് വിസയിൽ എത്തുന്നവർ ബഹ്റൈനിൽ 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞ ശേഷമാണ് സൗദിയിലേക്ക് പോകേണ്ടത്. ബഹ്റൈൻ 10 ദിവസത്തെ നിർബന്ധിത ക്വാറൻറീൻ ഏർപ്പെടുത്തിയ സാഹചര്യത്തിൽ നാഷണൽ ഹെൽത് റഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) അഗീകാരമുള്ള ഹോട്ടലിലാകണം ക്വറൻറീൻ. മെയ് 23 വരെ ഏതെങ്കിലും താമസ സ്ഥലത്ത് 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞാൽ മതിയായിരുന്നു.
സൗദി അംഗീകരിച്ച വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് കിങ് ഫഹദ് കോസ്വേ വഴി സൗദിയിലേക്ക് പോകാൻ കഴിയുക. മറ്റുള്ളവർ വിമാന മാർഗം തന്നെ സൗദിയിലേക്ക് പോകണം. സൗദിയിൽ എത്തിയാൽ ഏഴ് ദിവസത്തെ ഹോട്ടൽ ക്വാറൻറീനും നിർബന്ധമാണ്. 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് സൗദിയിൽ വാക്സിനേഷൻ നിർബന്ധമാക്കിയിട്ടില്ലാത്തതിനാൽ ഇവർക്ക് വാക്സിൻ സ്വീകരിച്ച രക്ഷിതാവിെൻറ കൂടെ കോസ്വേ വഴി പോകാം. രക്ഷിതാവ് വാക്സിൻ സ്വീകരിച്ചിട്ടില്ലെങ്കിൽ ഇവരും വിമാന മാർഗം പോകണം.
സൗദിയിൽനിന്ന് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് തവക്കൽന ആപ്പിൽ ഗ്രീൻഷീൽഡ് ലഭിച്ചവർക്ക് ഇന്ത്യയിൽനിന്ന് നേരിട്ട് സൗദിയിലേക്ക് പോകാൻ അനുമതി നൽകി. നാട്ടിൽനിന്ന് ചില ചാർേട്ടഡ് വിമാന സർവീസുകൾ ഇപ്പോൾ സൗദിയിലേക്ക് നടത്തുന്നുണ്ട്. സൗദിയിൽനിന്ന് വാക്സിൻ സ്വീകരിക്കാത്തവർ ഗ്രീൻലിസ്റ്റിലുള്ള രാജ്യങ്ങളിൽ 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞശേഷമാണ് സൗദിയിലേക്ക് പോകേണ്ടത്.
നാട്ടിൽനിന്ന് സൗദി പാക്കേജിൽ ബഹ്റൈനിൽ എത്തുന്ന യാത്രക്കാർ ഇവിടെ ഉത്തരവാദിത്തമുള്ള ഏജൻസി ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് സാമൂഹിക പ്രവർത്തകനായ ഫസലുൽ ഹഖ് പറഞ്ഞു. മുൻകാലങ്ങളിൽ ചില വ്യക്തികൾ സൗദി പാക്കേജിൽ ആളുകളെ കൊണ്ടുവന്ന് കൈയൊഴിഞ്ഞ സംഭവങ്ങളുണ്ട്. അതിനാൽ, സൗദിയിലേക്ക് പോകുന്നതുവരെയുള്ള മുഴുവൻ കാര്യങ്ങളും ഉത്തരവാദിത്തത്തോടെ ചെയ്യുന്ന അംഗീകാരമുള്ള ഏജൻസികളുടെ കീഴിൽ വേണം ബഹ്റൈനിലേക്ക് വരാൻ എന്നും അദ്ദേഹം ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.