മനാമ: അക്ഷരാർഥത്തിൽ മധുരിക്കുന്ന ഓർമകളുമായാണ് ഷാഹുൽ ഹമീദ് 40 വർഷം നീണ്ട പ്രവാസത്തിനുശേഷം തിരികെ നാട്ടിലേക്ക് പോകുന്നത്. ബഹ്റൈനിലെ എല്ലാ സ്ഥലങ്ങളിലും വ്യാപിച്ചുകിടക്കുന്ന അൽ കുലൂത് സ്വീറ്റ്സിലായിരുന്നു ഷാഹുൽ ഹമീദിന് ജോലി.
നീണ്ട 36 വർഷം ഇവിടെ സേവനമനുഷ്ഠിച്ചു. സ്വദേശികൾക്കിടയിൽ പേരുകേട്ട വിവിധയിനം ഹൽവകളും മറ്റു പലഹാരങ്ങളുമുണ്ടാക്കാൻ വിദഗ്ധനാണ് ഷാഹുൽ ഹമീദ്.
40 വർഷം മുമ്പ് ബഹ്റൈനിലെത്തി മൂന്ന് വർഷം വേറെയൊരു സ്ഥാപനത്തിലായിരുന്നു ജോലി. തിരികെ പോയ ശേഷം വീണ്ടുമെത്തി അൽ കുലൂത് സ്വീറ്റ്സിൽ ജോലി ചെയ്തു. അറബിക് സ്വീറ്റ്സ് പാചകക്കാരനെന്ന നിലയിൽ അന്നുമുതൽ ഇന്നുവരെ മധുരപലഹാരങ്ങളോടൊപ്പമാണ് ജീവിതം.
പിന്നീട് ഭാര്യ റഹ്മത്ത് ബീവിയും ഇവിടെയെത്തി. മൂത്തമകൻ ഷാഹിർ കുടുംബസമേതം കാനഡയിലാണ്. ഇളയ മകൻ ഷമീർ അൽ കുലൂത് സ്വീറ്റ്സിൽ തന്നെ സൂപ്പർവൈസറായി ജോലി ചെയ്യുന്നു.
മകൾ ഷമീറ വിവാഹശേഷം നാട്ടിലാണ്. ജീവിതത്തിന്റെ എല്ലാ മധുരവും പകർന്നുനൽകിയ ബഹ്റൈനിനോട് വിട പറയുന്നത് ദുഃഖത്തോടെയാണ്. ഇപ്പോൾ 65 വയസ്സ് പിന്നിടുകയാണ്. ഇനിയുള്ള കാലം സ്വദേശമായ കൊല്ലം പന്മനയിൽ സ്വന്തം വീടായ കുമ്പളത്തുതേക്കേതിൽ കഴിയാനാണ് ആഗ്രഹിക്കുന്നത്.
ഷാഹുൽ ഹമീദും ഭാര്യയും ഈ മാസം 10ന് നാട്ടിലേക്ക് തിരിക്കും. മകനും കുടുംബവും ഇവിടെയുള്ളതിനാൽ പവിഴ ദ്വീപുമായുള്ള ബന്ധം അവസാനിക്കുന്നില്ല എന്ന സന്തോഷത്തിലാണ് മടക്കയാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.