മനാമ: ഫ്രാന്‍സിൽ നടന്ന 160 കിലോമീറ്റർ എൻഡുറൻസ് മത്സരത്തിൽ ചാമ്പ്യൻ പട്ടമണിഞ്ഞ ദേശീയ സുരക്ഷ ഉപദേഷ്ടാവും ചാരിറ്റി, യുവജന കാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫക്ക് മന്ത്രിസഭ അഭിനന്ദനങ്ങൾ അറിയിച്ചു.
ബഹ്റൈനിലെ കായിക മേഖലക്ക് അഭിമാനകരമായ നേട്ടമാണിതെന്നും അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ പേര് ഉയരാൻ ഇതിടയാക്കുമെന്നും അഭിനന്ദനങ്ങളറിയിച്ച കാബിനറ്റ് അംഗങ്ങൾ വ്യക്തമാക്കി. ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ മൂന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ വിജയകരമായി ഇറങ്ങിയതിനെ കാബിനറ്റ് അഭിനന്ദിച്ചു. ഇത്തരമൊരു നേട്ടം ബഹിരാകാശ ഗവേഷണ മേഖലക്ക് കരുത്തു പകരുന്നതാണ്.
മികച്ച ജീവനക്കാരനായി തിരഞ്ഞെടുക്കപ്പെടുന്നയാളുടെ പ്രതിഫലം 3000 ദീനാറാക്കണമെന്ന സിവിൽ സർവിസ് ബ്യൂറോയുടെ നിർദേശത്തിന് കാബിനറ്റ് അംഗീകാരം നൽകി. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാരിൽ മികവ് പുലർത്തുന്നവർക്കാണ് നിബന്ധനകൾക്ക് വിധേയമായി പ്രതിഫലം നൽകുക.
പ്രവർത്തനം മെച്ചപ്പെടുത്താനും കാര്യക്ഷമത വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് വിവിധ മന്ത്രാലയങ്ങളും സർക്കാർ അതോറിറ്റികളും പുനഃസംഘടിപ്പിക്കുന്നതിന് സിവിൽ സർവിസ് ബ്യൂറോ മുന്നോട്ടുവെച്ച നിർദേശത്തിനും അംഗീകാരമായി. രാജ്യത്തിന്റെ വിവിധ മേഖലകളിലുള്ള കെട്ടിട നിർമാണ നിബന്ധനകളിൽ മാറ്റംവരുത്താനുള്ള നിർദേശത്തിനും അംഗീകാരമായി. ബിൽഡിങ് പെർമിറ്റ് അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള കാലാവധി ഡിസംബർ ഒന്നുവരെ നീട്ടാനാണ് അംഗീകാരം.
ബഹ്റൈൻ പോളിടെക്നിക് കോളജും ഇന്ത്യയിലെ ചണ്ഡിഗഢ് യൂനിവേഴ്സിറ്റിയും തമ്മിൽ സഹകരണത്തിനുള്ള ധാരണപത്രത്തിൽ ഒപ്പുവെക്കാനും കാബിനറ്റ് അംഗീകാരം നൽകി.
അഗ്രികൾചറൽ ൈക്ലമറ്റ് ഇന്നവേഷൻ ഇനിഷ്യേറ്റിവിൽ ചേരാനുള്ള ക്ഷണവുമായി ബന്ധപ്പെട്ട് നിയമനിർമാണകാര്യ മന്ത്രിതല സമിതിയുടെ നിർദേശത്തിനും അംഗീകാരമായി. പൊതു ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിന് വിവിധ ഭൂമി അക്വയർ ചെയ്യുന്നതിനുള്ള മുനിസിപ്പൽ, കാർഷിക മന്ത്രാലയത്തിന്റെ നോട്ടീസിന് അംഗീകാരം നൽകി. ജി.സി.സി 157ാമത് മന്ത്രിതല സമ്മേളനത്തിന്റെ അജണ്ട അംഗീകരിച്ചു.
ബ്രിക്സ് ഉച്ചകോടിയിൽ ബഹ്റൈൻ പങ്കാളിയായതായി അറിയിച്ചു. അന്താരാഷ്ട്ര ക്രിമിയൻ പ്ലാറ്റ്ഫോം മൂന്നാമത് ഉച്ചകോടിയിൽ ബഹ്റൈൻ പങ്കാളിയായതും വിവിധ രാജ്യങ്ങളിൽ നടന്ന സമ്മേളനങ്ങളിലെ മന്ത്രിമാരുടെ പങ്കാളിത്തം സംബന്ധിച്ച റിപ്പോർട്ടുകളും സഭയിൽ അവതരിപ്പിച്ചു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.