ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ മത്സരത്തിനിടെ
മനാമ: ശൈഖ് നാസർ ബിൻ ഹമദ് എൻഡുറൻസ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടന്ന 120 കിലോമീറ്റർ കുതിരയോട്ട മത്സരത്തിൽ പങ്കെടുത്ത് മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ. ബഹ്റൈൻ റോയൽ ഇക്വസ്ട്രിയൽ ആൻഡ് എൻഡുറൻസ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് ചാമ്പ്യൻഷിപ് സംഘടിപ്പിച്ചത്. 120 കിലോമീറ്റർ റൈഡും പൂർത്തിയാക്കിയ ശൈഖ് നാസർ സഹമത്സരാർഥികളുടെ പ്രകടനങ്ങളിലും രാജ്യത്തിന്റെ ഈ മേഖലയിലെ നേട്ടങ്ങളെയും പ്രശംസിച്ചു. വരാനിരിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്ക് മുന്നോടിയായി മത്സരാർഥികൾക്ക് മികച്ച പരിശീലനത്തിനും തയാറെടുപ്പിനും പ്രാദേശിക മത്സരങ്ങൾ സംഘടിപ്പിക്കുന്നത് പ്രകടനം മെച്ചപ്പെടുത്താനുള്ള അവസരങ്ങളാണെന്ന് റോയൽ എൻഡുറൻസ് ടീമിന്റെ ക്യാപ്റ്റനുമായ ശൈഖ് നാസർ പറഞ്ഞു. മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കാനുള്ള റൈഡേർസിന്റെ പ്രതിബദ്ധതയെ സൂചിപ്പിച്ച ശൈഖ് നാസർ കുതിരയോട്ട മത്സരങ്ങളിൽ ബഹ്റൈൻ കൈവരിക്കുന്ന നേട്ടങ്ങളെയും പുരോഗതിയെയും എടുത്തു പറഞ്ഞു. 120 കിലോമീറ്റർ കൂടാതെ 100 കിലോമീറ്റർ, 80 കിലോമീറ്റർ, 40 കിലോമീറ്റർ എന്നിവയിലും ബഹ്റൈൻ ഇന്റർനാഷണൽ എൻഡുറൻസ് വില്ലേജിൽ മത്സരങ്ങൾ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.