മനാമ: തുർക്കിയയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തിൽ ദുരിതത്തിലായവരെ സഹായിക്കുന്നതിന് ബഹ്റൈനിലും കാമ്പയിൻ തുടങ്ങി. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശപ്രകാരമാണ് ദുരിതാശ്വാസ സഹായം സ്വരൂപിക്കുന്നതെന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള രാജാവിെന്റ പ്രതിനിധിയും റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാനുമായ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു. വിവിധ സംഘടനകളും കുടുംബങ്ങളും ദുരിതബാധിതരെ സഹായിക്കാൻ രംഗത്തെത്തിയിട്ടുണ്ട്. കടുത്ത തണുപ്പിൽ വലയുന്ന ദുരിതബാധിതർക്കായി ബ്ലാങ്കറ്റുകളും കമ്പിളിവസ്ത്രങ്ങളും ശേഖരിക്കാൻ ആളുകൾ മുന്നിട്ടിറങ്ങി.
ബഹ്റൈനിലെ തുർക്കിയ എംബസിയുടെ നേതൃത്വത്തിലും ദുരിതാശ്വാസ സാമഗ്രികൾ ശേഖരിക്കുന്നതിന് കാമ്പയിൻ തുടങ്ങിയിട്ടുണ്ട്. തണുപ്പുകാലത്ത് ധരിക്കാൻ കഴിയുന്ന പുതിയ വസ്ത്രങ്ങളാണ് നൽകേണ്ടത്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാലു വരെ സാധനങ്ങൾ എത്തിക്കാവുന്നതാണ്.
മുതിർന്നവർക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങളും മറ്റു വസ്തുക്കളും ധാരാളമായി ആവശ്യമുണ്ടെന്നും അധികൃതർ പറഞ്ഞു. ഡയപ്പറുകൾ, ശുചിത്വ ഉൽപന്നങ്ങൾ, ടെന്റ്, സ്ലീപ്പിങ് ബാഗ്, ഫ്ലാഷ് ലൈറ്റ്, ജനറേറ്റർ തുടങ്ങിയവയാണ് ദുരിതബാധിതർക്കുവേണ്ട മറ്റ് അവശ്യ വസ്തുക്കൾ. ബഹ്റൈൻ ട്രസ്റ്റ് ഫൗണ്ടേഷൻ, കാഫ് ഹ്യുമാനിറ്റേറിയൻ ഓർഗനൈസേഷൻ തുടങ്ങിയ സംഘടനകളും സഹായ പ്രവർത്തനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.