മനാമ: ശ്രീനാരായണ കൾചറൽ സൊസൈറ്റിയുടെ 2022-2023 വർഷത്തെ ഭരണസമിതി അംഗങ്ങളുടെ സ്ഥാനാരോഹണച്ചടങ്ങ് കേരളീയസമാജം ഡയമണ്ട് ജൂബിലി ഹാളിൽ മുൻ മന്ത്രിയും ആറ്റിങ്ങൽ എം.പിയുമായ അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്തു.
വർണാഭമായ ഘോഷയാത്രയോടെയായിരുന്നു ‘ഗുരുദീപം 2023’ മെഗാ പരിപാടിയുടെ തുടക്കം. തുടർന്ന് സ്ത്രീകളും കുട്ടികളും അടക്കം 108 പേർ ചേർന്ന് നടത്തിയ ദൈവദശക ആലാപനം നടന്നു. എസ്.എൻ.സി.എസിലെ യുവകലാകാരികൾ അവതരിപ്പിച്ച പൂജാനൃത്തം അരങ്ങേറി.
പ്രവാസി ഭാരതീയ പുരസ്കാരസമ്മാൻ ജേതാവായ കെ.ജി. ബാബുരാജ് രക്ഷാധികാരിയായ ചടങ്ങിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ലയും മുൻ എം.എൽ.എ അഡ്വ. കെ.എൻ.എ. ഖാദറും വിശിഷ്ടാതിഥികളായിരുന്നു.
എസ്.എൻ.സി.എസ് ജനറൽ സെക്രട്ടറി വി.ആർ. സജീവൻ സ്വാഗതം പറഞ്ഞു. ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷത വഹിച്ചു. ബഹ്റൈൻ പൊതുസമൂഹത്തിൽ നൽകിയിട്ടുള്ള മികച്ചപ്രവർത്തനങ്ങളെ മാനിച്ച് വിവിധ സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിച്ചു. മെഗാമാർട്ട് ജി.എം. അനിൽ നവാനി, അൽഹിലാൽ ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, മാസ്റ്റർകാർഡ് കൺട്രി ഹെഡ് വിഷ്ണു പിള്ള, ഫ്രാൻസിസ് കൈതാരം, രാജ്കുമാർ ഭാസ്കർ എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
ബഹ്റൈൻ ബില്ലാവാസ്, കലാകേന്ദ്ര എന്നീ സംഘടനകളിലെ കലാകാരികളും കലാകാരൻമാരും അവതരിപ്പിച്ച നൃത്തവും അരങ്ങേറി. രഞ്ജിനി ജോസും ശ്യാംലാലും അവതരിപ്പിച്ച സംഗീതനിശയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.